ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെയും ഈ വര്‍ഷത്തെയും ജ്ഞാനപീഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 56-ാമത് ജ്ഞാനപീഠ പുരസ്‌കാരത്തിന് അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന്‍ അര്‍ഹനായി. ഈ വര്‍ഷത്തെ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരം കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസോയ്ക്കാണ്.
ഇന്ത്യയിലെ മുന്‍നിര കവികളില്‍ ഒരാളായ നീല്‍മണി ഫൂക്കന്റെ കവിതകളില്‍ പ്രതീകാത്മകതയാണ് നിറഞ്ഞുനില്‍ക്കുന്നത്. ഫ്രഞ്ച് പ്രതീകാത്മകതയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍ക്ക് പ്രചോദനം.
സൂര്യ ഹേനു നമി ആഹേ ഈ നൊടിയേദി, ഗുലാപി ജമുര്‍ ലഗ്ന, കോബിത തുടങ്ങി ശ്രദ്ധേയമായ നിരവധി രചനകള്‍ ഇദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കവിതാ സമാഹരമായ കോബിതയ്ക്ക് 1981ല്‍ അസം സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സമഗ്ര സംഭാവന കണക്കിലെടുത്ത് 1990ല്‍ പത്മശ്രീ അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചു.
1933ല്‍ ഗോലാഘട്ടില്‍ ജനിച്ച ഇദ്ദേഹം ഗുവാഹത്തി സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്തു. 1950 മുതലാണ് ഇദ്ദേഹം കവിത എഴുതാന്‍ തുടങ്ങിയത്. ആര്യ വിദ്യാപീഠം കോളജില്‍ 1964ല്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1992ല്‍ അധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ച ഇദ്ദേഹം നിരവധി ജപ്പാനീസ്, യൂറോപ്യന്‍ കവിതകള്‍ അസമീസിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് മോസോ. കാര്‍മലിന്‍ എന്ന നോവലിന് 1983ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തി.