സിഡ്നി: ഓസ്ട്രേലിയയില്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തെറാപ്യൂട്ടിക് ഗുഡ്സ് ആക്ടിന്റെ (റ്റി.ജി.എ) ലംഘനം ചൂണ്ടിക്കാട്ടി സിഡ്നി ആസ്ഥാനമായ മെഡ്ക്യൂവര്‍ കമ്പനിക്ക് പിഴശിക്ഷ. അനുവദനീയമല്ലാത്ത ഘടകങ്ങള്‍ ഉള്ള മരുന്നുകള്‍ ഇറക്കുമതി ചെയ്തു എന്ന എട്ടു കേസുകളിലായി 1,06,560 ഡോളറാണ് പിഴയടയ്ക്കേണ്ടത്.
ഉത്പന്നങ്ങളിലെ വിഷാംശം നിര്‍ണ്ണയിക്കുന്നതിനുള്ള പോയിസന്‍സ് സ്റ്റാന്‍ഡേര്‍ഡിന്റെ ഷെഡ്യൂള്‍ 10ല്‍ ഉള്‍പ്പെടുന്ന ഘടകങ്ങള്‍ ഉള്ള മരുന്നുകളും മെഡ്ക്യുവര്‍ കമ്പനി ഇറക്കുമതി ചെയ്തതെന്നും ആരോഗ്യത്തിന് ഹാനികരമാണ് ഈ ഉത്പന്നങ്ങളെന്നും അധികൃതര്‍ അറിയിച്ചു. ഓസ്ട്രേലിയയില്‍ വില്‍പ്പനയും, വിതരണവും, ഉപയോഗവും നിരോധിച്ചിട്ടുള്ള ഘടകങ്ങളാണ് ഷെഡ്യൂള്‍ പത്തില്‍ ഉള്‍പ്പെടുന്നത്. ആര്യവേപ്പ്, ശീമവേപ്പ്, വയമ്പ് എന്നിവ ഉള്‍പ്പെടുന്ന മരുന്നുകള്‍ ഇറക്കുമതി ചെയ്തതിനാണ് കമ്പനിക്കെതിരെ നടപടിയെടുത്തത്.
ഓസ്ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകളെല്ലാം ഓസ്ട്രേലിയന്‍ രജിസ്റ്റര്‍ ഓഫ് തെറാപ്യൂട്ടിക് ഗുഡ്സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ മെഡ്ക്യുവര്‍ കമ്പനി ഇറക്കുമതി ചെയ്ത മരുന്നുകള്‍ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഓസ്ട്രേലിയന്‍ ചികിത്സാ സമ്പ്രദായത്തില്‍ മുഖ്യധാരാ അംഗീകാരം ലഭിച്ചിട്ടുള്ള ചികിത്സാ ശാഖയല്ല ആയുര്‍വേദം. ആയുര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത ചികിത്സാ ശാഖകള്‍ക്ക് നിയന്ത്രണങ്ങളോടെയാണ് അംഗീകാരം നല്‍കുന്നത്.
കോംപ്ലിമെന്ററി മെഡിസിന്‍ അഥവാ അനുബന്ധ മരുന്നുകള്‍ എന്ന രീതിയിലാണ് ഈ അനുമതി. അതേസമയം, ഓസ്ട്രേലിയന്‍ വിപണിയിലുള്ള മറ്റെല്ലാ മരുന്നുകളും പാലിക്കുന്ന അതേ മാനദണ്ഡങ്ങള്‍ ആയുര്‍വേദ മരുന്നുകളും പാലിക്കണമെന്ന് വ്യവസ്ഥയുണ്ട്. ആയുര്‍വേദ മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ പേരില്‍ മുമ്പു പലപ്പോഴും റ്റി.ജി.എ നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. അപകടകരമായ രീതിയില്‍ ഈയത്തിന്റെ അംശം ഉണ്ടെന്ന കണ്ടെത്തലിലാണ് മുമ്പ് പലപ്പോഴും നടപടിയെടുത്തത്.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കായി ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന മാനസികമിത്ര വടകം എന്ന മരുന്നിനെതിരെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു. നടപടിയുണ്ടായപ്പോള്‍ തന്നെ മരുന്നുകളുടെ ഇറക്കുമതി അവസാനി്പ്പിച്ചതായി മെഡ്ക്യുവര്‍ വ്യക്തമാക്കി.
അതിനു പകരം ഓസ്ട്രേലിയയില്‍ തന്നെ ആയുര്‍വേദ മരുന്നുകള്‍ ഉത്പാദിപ്പിക്കാനുള്ള റ്റി.ജി.എ അനുമതി ലഭിച്ചതായും, നാലു കഷായങ്ങളുടെ ഉത്പാദനം തുടങ്ങിയതായും മെഡക്യുവര്‍ അറിയിച്ചു. സിഡ്നി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍വച്ച് കഴിഞ്ഞയാഴ്ചയാണ് ഈ മരുന്നുകള്‍ പുറത്തിറക്കിയതെന്നും അനുവദനീയമല്ലാത്ത ഘടകങ്ങള്‍ ഒഴിവാക്കി, മറ്റു ഘടകങ്ങളും ഓസ്ട്രേലിയയില്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളില്‍ ഉള്‍പ്പെടുത്തുകയെന്നും മെഡ്ക്യുവര്‍ അറിയിച്ചു.