പി.പി. ചെറിയാന്‍
കൊളംബസ് (ജോര്‍ജിയ): ഗ്യാസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച തുക ബാങ്കില്‍ നിക്ഷേപിക്കാന്‍ എത്തിയ ഇന്ത്യന്‍ അമേരിക്കന്‍ ഗ്യാസ് സ്റ്റേഷന്‍ ഉടമയെ വിസ്റ്റാ റോഡിലുള്ള ബാങ്ക് ഓഫീസിനു മുന്നില്‍ വച്ച് അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തി.
ഡിസംബര്‍ ആറിനു തിങ്കളാഴ്ച രാവിലെ 10.30-നായിരുന്നു സംഭവം. ബാങ്ക് സ്ഥിതിചെയ്തിരുന്ന കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു ഈ സംഭവം നടന്നതെന്നത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
വെടിയേറ്റ് അമിത് പട്ടേല്‍ (45) ബാങ്കിനു മുന്നില്‍ തന്നെ മരിച്ചതായി കൊളംബസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കയ്യിലുണ്ടായിരുന്ന പണം കവര്‍ന്നാണ് അക്രമി ഓടിമറഞ്ഞത്.
സ്റ്റീം മില്‍ റോഡിനും, ബ്യൂന വിസ്റ്റ റോഡിനും സമീപമുള്ള ഷെലറോണ്‍ ഗ്യാസ് സ്റ്റേഷന്‍ ഉടമയായിരുന്നു അമിത് പട്ടേല്‍. ഗുജറാത്താണ് ജന്മദേശം.
കവര്‍ച്ചാ ശ്രമത്തിനിടെയാണ് അക്രമികള്‍ നിറയൊഴിച്ചതെന്നു ഗ്യാസ് സ്റ്റേഷന്റെ മറ്റൊരു പാര്‍ട്ണര്‍ വിന്നി പട്ടേല്‍ പറഞ്ഞു. ഇവര്‍ കഴിഞ്ഞ ആറു വര്‍ഷമായി ഒരുമിച്ച് ഗ്യാസ് സ്റ്റേഷന്‍ നടത്തിവരികയായിരുന്നു.
അമിത് പട്ടേലിന്റെ മകളുടെ മൂന്നാം ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് മരണം സംഭവിച്ചതെന്ന് വിന്നി പട്ടേല്‍ പറഞ്ഞു.
നവംബര്‍ 17-ന് ടെക്‌സസിലെ ഡോളര്‍ സ്റ്റോര്‍ ഉടമയും മലയാളിയുമായ സാജന്‍ മാത്യൂസ് പതിനഞ്ച് വയസുകാരന്റെ വെടിയേറ്റ് മരിച്ചിരുന്നു.