ലണ്ടന്‍: ഒമിക്രോണ്‍ ബ്രിട്ടനില്‍ ഇതുവരെ സ്ഥിരീകരിച്ചത് 437 പേര്‍ക്ക്. 101 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥരീകരിച്ചത്. നിലവിലെ കണക്കുകള്‍ പ്രകാരം ഒമിക്രോണിനു ഡെല്‍റ്റാ വകഭേദത്തേക്കാള്‍ വ്യാപനശേഷി കൂടുതലാണെങ്കിലും ഇതു മൂലമുണ്ടാകുന്ന ഭവിഷ്യത്തുകളേക്കുറിച്ച് നിഗമനത്തിലെത്താന്‍ സമയമായിട്ടില്ല എന്നാണു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിക്കുന്നത്.
ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഒമിക്രോണ്‍ വകഭദം സ്ഥിരീകരിച്ചതായി കഴിഞ്ഞദിവസം ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പാര്‍ലമെന്റില്‍ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് ദിവസേനയുള്ള കണക്കുകള്‍ പുറത്തുവിട്ടു തുടങ്ങിയത്.
വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് പ്രാദേശിക ഭരണകൂടങ്ങളും സ്ഥിതിഗതികള്‍ സസൂഷ്മം വിശകലനം ചെയ്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ജനുവരിയോടെ രാജ്യത്ത് ഒമിക്രോണിന്റെ വ്യാപനം അതിരൂക്ഷമാകാനുള്ള സാധ്യത ഏറെയാണെന്നാണ് വെയില്‍സ് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നത്.
പുതിയ വേരിയന്റിനൊപ്പം രാജ്യത്ത് ദിവസേന രോഗികളാകുന്നവരുടെ മൊത്തം എണ്ണത്തിലും വര്‍ധനയുണ്ടാകുന്നുണ്ട്. 45,691 പേര്‍ക്കാണ് ഇന്നലെ ബ്രിട്ടണില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങള്‍ 180ഉം.