കൊച്ചി: വാഹനാപകടത്തില്‍ മോഡലുകള്‍ കൊല്ലപ്പെട്ട കേസില്‍ മുങ്ങിയ ദമ്പതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. അന്വേഷണ സംഘം വിപുലീകരിച്ചു.
മൊബൈല്‍ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങള്‍ പരിശോധിക്കാനും തെളിവുകള്‍ ശേഖരിക്കാനും ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെയും എക്‌സൈസ് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. സൈജുവിന്റെയും റോയ് ജോസഫിന്റെയും ലഹരി ഇടപാടുകളിലെ മുഖ്യഇടനിലക്കാരെന്നു സംശയിക്കുന്ന ദമ്പതികള്‍ സൈജുവിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതിനു ശേഷം ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു.
അതിനിടെ മൂന്നാം പ്രതിയും ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമയുമായ റോയ് ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റോയിയെ ഇന്‍സ്‌പെക്ടര്‍ എ.അനന്തലാലാണു ചോദ്യം ചെയ്തത്. കേസിലെ രണ്ടാം പ്രതിയും രാസലഹരി ഇടപാടുകാരനുമായ സൈജു എം. തങ്കച്ചന്റെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍
സൈജുവും റോയിയും ഒരുമിച്ചു ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന്റെയും ഇത്തരം പാര്‍ട്ടികളില്‍ ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈജുവും റോയിയും ഒരുമിച്ചു റോയിയുടെ വീട്ടില്‍ മദ്യപിച്ചിരുന്നതായി സൈജു മൊഴി നല്‍കിയിരുന്നു. ഇതിനു പുറമേ കാക്കനാട്ടെ ഒരു ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തതായി സൈജു പറയുന്ന റോയി, നമ്പര്‍ 18 ഹോട്ടലുടമ റോയിയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ മരിച്ച ദിവസം ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ 5 കോടി രൂപയുടെ രാസ ലഹരിമരുന്നു ശേഖരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നിശാപാര്‍ട്ടികള്‍ സംഘടിപ്പിക്കാനാണു ലഹരിമരുന്നു ശേഖരിച്ചത്. കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചനുമായി ലഹരി ഇടപാടുകള്‍ നടത്തുന്ന ബെംഗളൂരു സംഘമാണു ഒക്ടോബര്‍ അവസാനം ലഹരിമരുന്നു കൊച്ചിയിലെത്തിച്ചത്.
ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനായ സൈജു തന്നെയാകാം മറ്റുള്ളവര്‍ക്കു സംശയമുണ്ടാകാത്ത വിധം ഹോട്ടലിലേക്കു ലഹരിമരുന്ന് എത്തിച്ചതെന്നും പൊലീസ് സംശയിക്കുന്നു. സൈജുവിന്റെ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതോടെ മോഡലുകള്‍ മരിച്ച കേസ് ലഹരിമരുന്നു വിരുദ്ധ കുറ്റാന്വേഷണമായി മാറിയിരിക്കുകയാണ്.