ന്യൂഡല്‍ഹി: ധീര സേനാനി ഇനി ജ്വലിക്കുന്ന ഓര്‍മ. ഹൈലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട രാജ്യത്തിന്റെ ആദ്യ സംയുക്ത സൈന്യാധിപന്‍ ബിപിന്‍ റാവത്തിനും ഭാര്യ മാധുലിക റാവത്തിനും വിട നല്‍കി രാജ്യം. ബ്രാര്‍ ശ്മശാനത്തിലായിരുന്നു അന്ത്യചടങ്ങുകള്‍. മക്കളായ കൃതികയും തരിണിയും സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. എണ്ണൂറോളം സൈനികരാണു സംസ്‌കാര ചടങ്ങുകളുടെ ഭാഗമായത്.
ചടങ്ങുകള്‍ പ്രകാരം 17 ഗണ്‍ സല്യൂട്ട് നല്‍കിക്കൊണ്ട് സൈന്യം റാവത്തിന് വിടചൊല്ലി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കിരണ്‍ റിജ്ജു തുടങ്ങിയവരും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ബ്രാര്‍ ശ്മശാനത്തിലെത്തിയിരുന്നു. മൂന്ന് സൈനിക മേധാവികളും സന്നിഹിതരായിരുന്നു. ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാന്‍ഡര്‍മാര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വിദേശ നയതന്ത്ര പ്രതിനിധികളും അനുശോചനും രേഖപ്പെടുത്തുകയും അന്തിമോപചാരം അര്‍പ്പിക്കുകുയം ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ വീട്ടിലെത്തിയാണ് റാവത്തിനും ഭാര്യയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചത്.
കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, മനുഷ്‌ക് മാണ്ഡവ്യ, സ്മൃതി ഇറാനി, സര്‍ബാനന്ദ സോനോവാള്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, എ.കെ ആന്റണി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരും വീട്ടിലെത്തി അന്തോമോപചാരം അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പാലം വിമാനത്താവളത്തില്‍ നേരിട്ടെത്തി കുടുംബാംഗങ്ങലെ ആശ്വസിപ്പിക്കുകയും സൈനികര്‍ക്ക് അന്ത്യാഭിവാദം അര്‍പ്പിക്കുകയും ചെയ്തിരുന്നു.
റാവത്തിന്റെയും മധുലികയുടെയും ഭൗതികശരീരം 11 മുതല്‍ 2 മണി വരെ പൊതുദര്‍ശനത്തിന് വെച്ചു. 2.15 ഓടെയാണ് മൃതദേഹങ്ങള്‍ വിലാപയാത്രയായി ബ്രാര്‍ ശ്മശാനത്തിലേക്ക് എത്തിക്കുകയായിരുന്നു. വീട്ടില്‍ നിന്നും ശ്മശാനത്തിലേക്കുള്ള യാത്രയിലുടനീളം വികാര നിര്‍ഭരമായ യാത്രയപ്പായിരുന്നു ദില്ലി നല്‍കിയിരുന്നത്. വഴിയിലുടനീളം കാത്ത് നിന്ന ജനങ്ങള്‍ ദേശീയ പതാക വീശിയും പുഷ്പവൃഷ്ടി നടത്തിയും സംയുക്ത സൈന്യാധിപനും പത്‌നിക്കും വിടചൊല്ലി. ചില വിലാപയാത്രയെ അനുഗമിച്ചുകൊണ്ട് ബ്രാര്‍ ശ്മശാനത്തിന്റെ കവാടം വരെയെത്തി.
2019 ഡിസംബര്‍ 31 നായിരുന്നു ഇന്ത്യയുടെ ആദ്യ സംയുക്ത സൈന്യാധിപനായി ബിപിന്‍ റാവത്ത് നിയമിക്കപ്പെടുന്നത്. 2020 ജനുവരി 1 ന് അദ്ദേഹം ചുമതലയേല്‍ക്കുകയും ചെയ്തു. സൈനിക കുടുംബത്തില്‍ ജനിച്ച റാവത്ത് ഡിഫന്‍സ് അക്കാദിമിയിലെ പഠനത്തിന് ശേഷം 1978 ല്‍ 11 ഗൂര്‍ഖാ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും ഇതേ ബറ്റാലിയനിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നു. വടക്ക് കിഴക്കന്‍ മേഖലയില്‍ നടത്തിയ സൈനിക നീക്കങ്ങളാണ് റാവത്തിനെ സേനയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കിയത്.
യുഎന്‍ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ നിരവധി സൈനിക ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരിലെ കട്ടേരിയില്‍ തകര്‍ന്നു വീഴുകയായിരുന്നു.
ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പായിരുന്നു അപകടം. ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവത്തിനും പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം 14 പേരായിരുന്നു വ്യോമസേനയുടെ എം.17 ഹെലികോപ്ടറിലുണ്ടായിരുന്നത്. 13 പേരും അപകടത്തില്‍ മരിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോള്‍ വിദഗ്ധ ചികിത്സയിലാണ്. അതേസമയം, അപകടത്തില്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.