ചണ്ഡിഗഡ്: രാജ്യാന്തര ഷൂട്ടിങ് താരത്തെ സ്വയം വെടിയുതിര്‍ത്തു മരിച്ചത് മത്സരങ്ങളില്‍ തന്റെ മോശം പ്രകടനം മൂലമെന്ന് നിഗമനം. കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഈ ആഴ്ച ആദ്യം ഡല്‍ഹിയില്‍ നടന്ന ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിലെ നിരാശ മൂലമാണ് താരം ജീവനൊടുക്കിയതെന്നാണ് നിഗമനം.
വ്യാഴാഴ്ച രാവിലെയാണ് രാജ്യാന്തര ഷൂട്ടിങ് താരമായ ഖുഷ് സീരത് കൗര്‍ സന്ധുവിനെ (17) വീട്ടില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഖുഷിന്റെ സ്വന്തം പിസ്റ്റളില്‍നിന്നു തന്നെയാണ് വെടിയേറ്റിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുക്കാനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഫരീദ്‌കോട്ട് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഹര്‍ജിന്ദര്‍ സിങ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍, വ്യക്തിഗത വിഭാഗത്തില്‍ ഖുഷിനു മെഡല്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഖുഷ് അംഗമായ ജൂനിയര്‍ സിവിലിയന്‍ വനിതാ ടീം മെഡല്‍ നേടിയിരുന്നു. മോശം പ്രകടനത്തില്‍ ഖുഷ് നിരാശയിലായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. ഖുഷിന്റെ അച്ഛന്‍ ജസ്വീന്ദര്‍ സിങ് സന്ധു സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനാണ്. അമ്മ നവ്ദീപ് കൗര്‍ സന്ധു പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ ഗവേഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നു.
‘ഈ വര്‍ഷത്തെ ദേശീയ മത്സരങ്ങളില്‍ അവളുടെ പ്രകടനം മികച്ചതായിരുന്നില്ല. എങ്കിലും വലിയ നിരാശയൊന്നും അവര്‍ പുറത്തുകാണിച്ചിരുന്നില്ല. ബുധനാഴ്ച രാത്രി വീടിന്റെ താഴത്തെ നിലയില്‍ ഇരുന്ന് അവള്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. ബാക്കിയുള്ളവര്‍ ഒന്നാമത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം അറിഞ്ഞത്.’ ജസ്വീന്ദര്‍ സിങ് പറഞ്ഞു.
നീന്തല്‍ താരമായാണ് ഖുഷ് സീരത് കൗര്‍ സന്ധു കരിയര്‍ ആരംഭിച്ചത്. നാല് വര്‍ഷം മുന്‍പാണ് ഷൂട്ടിങ്ങിലേക്ക് തിരിഞ്ഞത്. 2019ല്‍ 25 മീറ്റര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും വ്യക്തിഗത, ടീം ഇനങ്ങളിലായി ആകെ 11 മെഡലുകളാണ് ഖുഷ് നേടിയത്. 25 മീറ്റര്‍ പിസ്റ്റള്‍ ജൂനിയര്‍ വനിതാ സിവിലിയന്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയതിനു പുറമെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ സബ് ജൂനിയര്‍ വനിതാ വിഭാഗത്തിലും ഖുഷ് സ്വര്‍ണം നേടിയിരുന്നു.