തൃശ്ശൂര്‍: കുനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന് വീരോചിതമായ യാത്രാമൊഴി. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മകന്‍ ദക്ഷിണ്‍ദേവ് ചിതയ്ക്ക് തീകൊളുത്തി.
ശനിയാഴ്ച ഉച്ചയോടെ റോഡുമാര്‍ഗം കോയമ്പത്തൂരില്‍നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മൃതദേഹം പോയി. കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
സ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം പ്രദീപിന്റെ വീട്ടിലേക്ക് എത്തിച്ചു. ആയിരക്കണക്കിന് ആളുകളാണ് പ്രദീപിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ രണ്ടിടത്തും എത്തിയത്.
പുത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയതിന് ശേഷം 2002-ലാണ് പ്രദീപ് വായുസേനയില്‍ ചേര്‍ന്നത്. വെപ്പണ്‍ ഫൈറ്റര്‍ ആയാണ് ആദ്യനിയമനം. പിന്നീട് എയര്‍ ക്രൂവായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ ഉടനീളം പ്രദീപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാധാകൃഷ്ണന്‍, കുമാരി എന്നിവരാണ് മാതാപിതാക്കള്‍. ശ്രീലക്ഷ്മിയാണ് ഭാര്യ. മക്കള്‍: ദക്ഷിണ്‍ദേവ്, ദേവപ്രയാഗ.