ആലുവ: ആലുവയിലെ നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമരംചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട രണ്ട് പോലീസുകാര്‍ക്കെതിരേ നടപടി. എസ്ഐ വിനോദ്, ഗ്രേഡ് എസ്ഐ രാജേഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കസ്റ്റഡി അപേക്ഷ തയ്യാറാക്കിയതില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മൊഫിയയുടെ മരണവുമായി ബന്ധപ്പെട്ട് സിഐ സുധീറിനെതിരേ നടന്ന സ്റ്റേഷന്‍ ഉപരോധ സമരത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അല്‍ അമീന്‍, അനസ്, നജീബ് എന്നീ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.
പ്രവര്‍ത്തകര്‍ക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ചതിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരുകയും അന്‍വര്‍ സാദത്ത് എംഎല്‍എ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദേശപ്രകാരം കാര്യങ്ങള്‍ പരിശോധിച്ച് ഡിവൈഎസ്പി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ നോട്ടക്കുറവ് ഉണ്ടായതിന് എസ്എച്ച്ഒയോടും വിശദീകരണം തേടി. വിഷയത്തില്‍ വിശദമായ വകുപ്പുതല അന്വേഷണത്തിന് മുനമ്പം സിഐയെയും ചുമതലപ്പെടുത്തി. കേസില്‍ മൂന്ന് പ്രതികള്‍ക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.