ലണ്ടന്‍: പ്രശസ്ത ഇംഗ്ലിഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന്റെ പിതാവ് ടെഡ് ബെക്കാം വീണ്ടും വിവാഹിതനായി. സൊളിസിറ്റര്‍ ഹിലരി മെറിഡത്തിനെയാണ് 73ാം വയസ്സില്‍ ടെഡ് വിവാഹം ചെയ്തത്.
ലണ്ടനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയ ബെക്കാമും ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
നവ ദമ്പതികള്‍ക്കൊപ്പം ഹിലരിയുടെ ആദ്യ വിവാഹത്തിലെ മകള്‍ ഷാര്‍ലറ്റും ഡേവിഡ് ബെക്കാമുമുള്ള ചിത്രവും പുറത്തുവന്നു. ടെഡിന്റെ മൂന്നു മക്കളും എട്ട് കൊച്ചുമക്കളും ഹിലരിയുടെ മാതാവും മകള്‍ ഷാര്‍ലറ്റും ചടങ്ങിന്റെ ഭാഗമായതായി ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു ജീവകാരുണ്യ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് ടെഡും ഹിലരിയും കണ്ടുമുട്ടിയത്. അധികം വൈകാതെ വിവാഹിതരാകാന്‍ പോകുന്ന കാര്യം ഇരുവരും പരസ്യപ്പെടുത്തിയിരുന്നു.
ഡേവിഡ് ബെക്കാമിന്റെ അമ്മ സാന്ദ്രയാണ് ടെഡിന്റെ ആദ്യ ഭാര്യ. 32 വര്‍ഷം നീണ്ടുനിന്ന വിവാഹബന്ധം ഇരുവരും 2002ല്‍ അവസാനിപ്പിച്ചിരുന്നു.