ചെന്നൈ : 13 പേരുടെ ജീവനെടുത്ത ഹെലികോപ്റ്റര്‍ ദുരന്തം നടന്ന നഞ്ചപ്പസത്രം കോളനി ഇന്ത്യന്‍ കരസേന ഏറ്റെടുത്തു.
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പണയപ്പെടുത്തിയും രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികള്‍ക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന പ്രഖ്യാപിച്ചു. നാട്ടുകാരുടെ ആരോഗ്യ പരിശോധനകള്‍ക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്‌സിനെയും അയയ്ക്കുമെന്നും ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയില്‍ ഗ്രാമവാസികള്‍ക്കു എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാന്‍ഡിങ് ഓഫിസര്‍ ലഫ്. ജനറല്‍ എ.അരുണ്‍ അറിയിച്ചു.
ഗ്രാമവാസികള്‍ക്ക് പുതപ്പുകള്‍, സോളര്‍ എമര്‍ജന്‍സി ലൈറ്റുകള്‍, റേഷന്‍ എന്നിവ വിതരണം ചെയ്തു. അപകടവിവരം ആദ്യം അറിയിച്ച 2 പേര്‍ക്കു 5000 രൂപ വീതം നല്‍കി. പൊലീസ്, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍, വനം ജീവനക്കാര്‍, കരസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറി. തമിഴ്‌നാട് സര്‍ക്കാരിനെയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും അദ്ദേഹം നന്ദി അറിയിച്ചു.
അതിനിടെ, നഞ്ചപ്പസത്രത്തിന്റെ പേര് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഗ്രാമമെന്നാക്കണമെന്നും ഹെലികോപ്റ്റര്‍ തകര്‍ന്നു വീണിടത്തു സ്മാരകം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടു ഗ്രാമവാസികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു കത്തു നല്‍കി.
‘ഗ്രാമവാസികളാണ് അപകടസ്ഥലത്ത് ആദ്യം എത്തിയത്. തീ അണയ്ക്കാനും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും ജനങ്ങള്‍ മുന്നോട്ടുവന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഇപ്പോഴും ജീവിച്ചിരിക്കാന്‍ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണ്.’ ലഫ്. ജനറല്‍ എ.അരുണ്‍