പി.പി. ചെറിയാന്‍
മേരിലാന്റ്: മേരിലാന്റ് ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന വെസ് മൂര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ അരുണ മില്ലറെ (57) തിരഞ്ഞെടുത്തു. മേരിലാന്റ് ഇപ്പോള്‍ റിപ്പബ്ലിക്കാന്‍ സംസ്ഥാനമാണ്. മേരിലാന്റ് സംസ്ഥാനത്തിന് ഏറ്റവും യോജിച്ച ലഫ്റ്റനന്റ് ഗവര്‍ണറായിരിക്കും മില്ലറെന്ന് വെസ് മൂര്‍ പറഞ്ഞു.
2010 മുതല്‍ 2018 വരെ മേരിലാന്റ് ഡിസ്ട്രിക്ട് 15 ല്‍ നിന്നും സ്റ്റേറ്റ് ഹൗസിലേക്ക് മില്ലര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മോണ്ടിഗോമറി കൗണ്ടിയില്‍ സിവില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറായി 30 വര്‍ഷം സേവനമനുഷ്ഠിച്ച ഇവര്‍ ആദ്യമായി മേരിലാന്റ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇമിഗ്രന്റ് എന്ന പദവിക്ക് അര്‍ഹയായിരുന്നു.
7 വയസ്സുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പമാണ് ഇവര്‍ അമേരിക്കയിലേക്ക് കുടിയേറിയത്. 1964 നവംബര്‍ 6ന് ഹൈദ്രാബാദിലായിരുന്നു മില്ലറുടെ ജനനം. മിസ്സോറി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്. മത്സരിക്കുവാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് മില്ലര്‍ പറഞ്ഞു.