ന്യൂഡല്‍ഹി: സ്ത്രീകളുടെ നിയമാനുസൃത വിവാഹപ്രായം 18ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്തുന്നതിന് നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇത് നടപ്പാകുന്നതോടെ, പുരുഷനും സ്ത്രീക്കും 21 വയസ്സായിരിക്കും ചുരുങ്ങിയ വിവാഹപ്രായം. പ്രായപൂര്‍ത്തി വോട്ടവകാശം 18 വയസ്സാണ്.
സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, ബാലവിവാഹ നിരോധന നിയമം എന്നിവയില്‍ ഭേദഗതി വരുത്തുന്ന ബില്ലാണ് പാര്‍ലമെന്റിന്റെ പരിഗണനക്കെത്തുന്നത്. ലിംഗസമത്വം, സ്ത്രീയുടെയും കുട്ടിയുടെയും ആരോഗ്യം, ശിശു മരണനിരക്ക് കുറക്കല്‍, , തൊഴില്‍-വിദ്യാഭ്യാസാവസരം, ജനസംഖ്യ നിയന്ത്രണം തുടങ്ങി വിവിധ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിവാഹപ്രായ ഏകീകരണം.
കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് മന്ത്രിസഭ തീരുമാനം. ഇതേക്കുറിച്ച് പഠിക്കാന്‍ 2020 ജൂണില്‍ സമത പാര്‍ട്ടി മുന്‍നേതാവ് ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ വനിത-ശിശുക്ഷേമ മന്ത്രാലയം രൂപവത്കരിച്ച സമിതി വിവാഹപ്രായം ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തിരുന്നു.