ന്യൂയോര്‍ക്ക്: ചൈനയും റഷ്യയും അമേരിക്കക്കെതിരെ ബഹിരാകാശ നിഴല്‍യുദ്ധം നടത്തുന്നുവെന്ന ആരോപണവുമായി അമേരിക്കന്‍ ബഹിരാകാശ സേന ജനറല്‍ ഡേവിഡ് തോംപ്സണ്‍. ഈ രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ ഓരോ ദിവസം ചെല്ലും തോറും വര്‍ധിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ബഹിരാകാശ മേഖലയില്‍ അമേരിക്കയേക്കാള്‍ പിന്നിലാണെങ്കിലും അതിവേഗത്തില്‍ ചൈന മുന്നേറുന്നുണ്ടെന്നും അമേരിക്കന്‍ ബഹിരാകാശ സേനയുടെ ആദ്യ വൈസ് ചീഫ് ഓഫ് സ്പേസ് ഓപറേഷന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കന്‍ വ്യോമസേനയില്‍ മൂന്ന് പതിറ്റാണ്ടിലേറെ സേവനം അനുഷ്ടിച്ച ശേഷമാണ് ജനറല്‍ ഡേവിഡ് തോംപ്സണ്‍ ബഹിരാകാശ സേനയിലേക്കെത്തുന്നത്. ബഹിരാകാശത്ത് അമേരിക്കന്‍ സാറ്റലൈറ്റുകള്‍ ലേസര്‍ ആയുധങ്ങള്‍, റേഡിയോ ഫ്രീക്വന്‍സി ജാമറുകള്‍, മറ്റു സൈബര്‍ ആക്രമണങ്ങള്‍ എന്നിവയെല്ലാം ദിനം പ്രതിയെന്നോണ് അനുഭവിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
2019ല്‍ റഷ്യന്‍ സാറ്റലൈറ്റ് നടത്തിയ ഒരു ആയുധ പരീക്ഷണം അപകടകരമാംവിധം അമേരിക്കന്‍ സാറ്റലൈറ്റിന്റെ സമീപത്തേക്ക് എത്തിയിരുന്നു. അമേരിക്കന്‍ സാറ്റലൈറ്റിനെ ആക്രമിക്കുകയാണോ ലക്ഷ്യമെന്ന് പോലും തോന്നിപ്പിച്ച സംഭവമായിരുന്നു ഇതെന്നും തോംപ്സണ്‍ പറയുന്നു.
ബഹിരാകാശ സാങ്കേതികവിദ്യയുടേയും നേട്ടങ്ങളുടേയും കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ മുന്നില്‍ അമേരിക്ക തന്നെയാണ്. എന്നാല്‍ അതിവേഗത്തിലാണ് ചൈനയുടെ മുന്നേറ്റം. അമേരിക്കയുടെ ഇരട്ടി വേഗത്തിലാണ് ചൈന സാറ്റലൈറ്റുകള്‍ നിര്‍മിക്കുകയും വിക്ഷേപിക്കുകയും ചെയ്യുന്നത്. ആഗോളതലത്തില്‍ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ചൈന സാറ്റലൈറ്റുകളെ കൂട്ടമായി വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായും സൂചനകളുണ്ട്. പുതിയ നീക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ ഒരു പതിറ്റാണ്ടിനകം തന്നെ അമേരിക്കക്കൊപ്പമെത്താന്‍ ചൈനക്കാവുമെന്നും ജനറല്‍ ഡേവിഡ് തോംപ്സണ്‍ നിരീക്ഷിക്കുന്നു.
ബഹിരാകാശത്ത് സാറ്റലൈറ്റുകളെ ആക്രമിക്കാനും പിടിച്ചെടുക്കാനും സാധിക്കുന്ന ആയുധങ്ങള്‍ നിര്‍മിക്കുന്നതിന് കുറച്ചുകാലമായി ചൈന ശ്രമിക്കുന്നു. ഭാവിയില്‍ റോബോട്ടിക് കൈകളോ വലിച്ചെടുക്കുന്ന കൊളുത്തുകളോ പ്രത്യേകം നിര്‍മിച്ച വലകളോ ഉള്ള ചൈനീസ് ഉപകരണങ്ങള്‍ ബഹിരാകാശത്ത് മറ്റു സാറ്റലൈറ്റുകളെ ആക്രമിച്ചേക്കുമെന്ന ആശങ്ക അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്കുണ്ട്. ചൈനീസ് ആണവ പദ്ധതിയേയോ ഉയിഗുര്‍ ക്യാംപുകളും നിരീക്ഷിക്കുന്ന സാറ്റലൈറ്റുകളോ ഇത്തരത്തില്‍ ചൈനക്ക് പിടിച്ചെടുക്കാനാകും.
ഇക്കഴിഞ്ഞ നവംബര്‍ 15ന് റഷ്യ നടത്തിയ സാറ്റലൈറ്റ് വേധ മിസൈലിന്റെ പരീക്ഷണവും ആഗോളതലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.