എ.എസ് ശ്രീകുമാര്‍
ആരുടേയും കൈപ്പിടിയിലൊതുക്കാന്‍ കഴിയുന്നവരല്ല ജനങ്ങളെന്ന് മുഖ്യമന്ത്രി. നവകേരള സദസിന്റെ തൃശ്ശൂരിലെ വേദിയായ മണലൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ കൈപ്പിടിയിലാക്കാന്‍ എന്ന ചിന്ത പ്രതിപക്ഷത്തിന് വേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഏതെങ്കിലും ഒരു കൂട്ടര്‍ക്ക് അനുകൂലമോ മറ്റൊരു കൂട്ടര്‍ക്ക് പ്രതികൂലമോ അല്ല നവകേരള സദസ്സ്. പൊതുവില്‍ നാടിന്റെ നന്മയ്ക്ക് വേണ്ടിയാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ആറു ജില്ലകളും അറുപത് നിയോജക മണ്ഡലങ്ങളും പിന്നിട്ടാണ് നവകേരള സദസ്സ് തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചത്. പതിനാറു ദിവസത്തെ പര്യടനം പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂതില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മഞ്ചേശ്വരം മുതല്‍ പാലക്കാട് ജില്ലയിലെ അവസാന കേന്ദ്രമായ തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരി വരെ അഭൂതപൂര്‍വ്വമായ ജനക്കൂട്ടമാണ് എത്തിയത്. നേരിട്ട് എത്താന്‍ കഴിയാത്തവര്‍ വഴിയോരങ്ങളില്‍ കാത്തു നിന്ന് ഈ യാത്രയെ അഭിവാദ്യം ചെയ്യുന്നു. എന്നാല്‍ ചിലരുടെ ക്യാമറകളില്‍ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ കാണുന്നില്ല.
”എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുന്ന നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്….” എന്ന ആരോപണം പലയിടത്തും ഉയര്‍ന്നു. ഇതിന് മുഖ്യമന്ത്രിയുടെ മറുപടിയിങ്ങനെ…
പതിനാല് ജില്ലാകൗണ്‍സിലുകള്‍ ഒറ്റയടിക്ക് പിരിച്ചു വിട്ട് അധികാര വികേന്ദ്രീകരണത്തിന്റെ കഴുത്തില്‍ കത്തി വെച്ചവരാണ് ഇത് പറയുന്നത്. കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ചരിത്രവും അതിനെ തുരങ്കം വെക്കാന്‍ നോക്കിയവരും ആരാണെന്നും ഞാന്‍ ഇവിടെ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ഇടപെടല്‍ ആണ് നടത്തുന്നത്. അതിനായി കാലികമായ മാറ്റങ്ങള്‍ മുനിസിപ്പാലിറ്റി ആക്ടിലും പഞ്ചായത്ത് രാജ് ആക്ടിലും വരുത്തുന്നതിനും ശ്രദ്ധ നല്‍കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളില്‍ ഒന്നായ മാലിന്യ സംസ്‌കരണത്തില്‍ ഫലപ്രദമായ ഇടപെടലിന് വിപുലമായ ഭേദഗതികളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അത് ഓര്‍ഡിനന്‍സായി ഗവര്‍ണര്‍ മുമ്പാകെ നല്‍കിയിട്ടുണ്ടെങ്കിലും ഒപ്പിടാതെ വച്ചിരിക്കയാണ്. അക്കാര്യത്തില്‍ പ്രതിപക്ഷം യാതൊരു പ്രതിഷേധവും ഉന്നയിച്ച് കേട്ടില്ല.
നഗരപ്രദേശങ്ങളിലും, ചേര്‍ന്നുനില്‍ക്കുന്ന നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിലും ഭാവി വികസനം കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള മാസ്റ്റര്‍ പ്ലാനുകള്‍ നടപ്പാക്കുന്നതിന് ഗ്രാമ നഗരാസൂത്രണ നിയമത്തില്‍ കാലികമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന്റെ ആനുകൂല്യങ്ങള്‍ പരമാവധി പ്രദേശത്ത് ലഭ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളെ തരം തിരിച്ച് വിജ്ഞാപനം നടത്തി.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കി പദ്ധതി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു. സേവനപ്രദാന രംഗത്ത് അക്കൗണ്ടബിലിറ്റി ഉറപ്പാക്കി. 941 ഗ്രാമ പഞ്ചായത്തുകളിലും ഐ.എല്‍. ജി.എം.എസ്. ഓണ്‍െലൈന്‍ ഫയല്‍ സംവിധാനം ഏര്‍പ്പെടുത്തി.
270 ഓളം സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. നഗരസഭകള്‍ക്ക് വേണ്ടി കെ-സ്മാര്‍ട്ട് ഓണ്‍ലൈന്‍ സംവിധാനം ജനുവരി ഒന്നിന് ആരംഭിക്കും. പരാതികള്‍ തീര്‍പ്പാക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം ആരംഭിച്ചു. സംരംഭക സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ പ്രാദേശിക സാമ്പത്തിക വികസനത്തിനു പ്രത്യേകം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതില്‍ ഏതാണ് ‘അസ്ഥിരീകരിക്കല്‍’ എന്ന് പറഞ്ഞവര്‍ വിശദീകരിച്ചാല്‍ നന്ന്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടന്ന തുക യഥാസമയം നല്‍കിയിട്ടില്ല എന്നാണ് മറ്റൊരു ആക്ഷേപം. ഇന്ത്യയില്‍ ഏറ്റവുമധികം ശതമാനം തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സംസ്ഥാനമാണ് കേരളം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന വാര്‍ഷിക പദ്ധതിയുടെ 26 ശതമാനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. 2022-23 ല്‍ അത് 26.5 ശതമാനമായും 2023-24 ല്‍ അത് 27.14 ശതമാനമായും വര്‍ദ്ധിപ്പിച്ചു. ഇതിനു പുറമേയാണ് മെയിന്റനന്‍സ് ഫണ്ടും പൊതു ആവശ്യ ഫണ്ടും കൃത്യമായി നല്‍കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ട് ആയി ഉപയോഗിക്കാന്‍ അധികാരമുള്ള പൊതു ആവശ്യ ഗ്രാന്‍ഡ് എന്ന ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള പ്രതിമാസ ഗഡുക്കള്‍ നല്‍കിക്കഴിഞ്ഞു. മൂന്ന് ഗഡുക്കളായി നല്‍കേണ്ട മെയിന്റനന്‍സ് ഫണ്ടിന്റെ രണ്ടു ഗഡുക്കള്‍ നല്‍കി. അടുത്ത ഗഡുവും കൃത്യസമയത്ത് നല്‍കും. പദ്ധതിവിഹിതം വികസന ഫണ്ട് ഇനത്തിലുള്ള തുകയും 3 ഗഡു നല്‍കേണ്ടതില്‍ രണ്ടു ഗഡുക്കള്‍ നല്‍കിക്കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍ നല്‍കുന്നില്ല എന്ന് തെറ്റായി പറയുന്ന കുറ്റപത്രക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഫണ്ട് കേരളത്തിനു കൃത്യമായി ലഭിക്കാത്തതിനെക്കുറിച്ച് മിണ്ടുന്നില്ല. സംസ്ഥാനത്തിന് കേന്ദ്ര ധന കാര്യ കമ്മീഷന്‍ ഗ്രാന്റ് ശുപാര്‍ശ ചെയ്തതു തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് യോജിക്കുന്നതും കേരളത്തിന്റെ സാഹചര്യത്തില്‍ അനുയോജ്യവുമല്ലാത്ത പല നിബന്ധനകളും ഉള്‍പ്പെടുത്തിയാണ് ഗ്രാന്റ് അനുവദിക്കുന്നത്. അതില്‍ പ്രതിപക്ഷത്തിന് അഭിപ്രായമില്ലേ..?
2022-23 സാമ്പത്തിക വര്‍ഷത്തെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള മില്യണ്‍ പ്ലസ് സിറ്റീസ് ഇനത്തില്‍ പെട്ട 51.55 കോടി രൂപയും ആരോഗ്യ ഗ്രാന്റ് ഇനത്തില്‍ 137. 16 കോടി രൂപയും 2023 – 24 ലെ 8 മാസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല.
2023-24 വര്‍ഷം ഗ്രാമ മേഖലയില്‍ 1260 കോടിയും നഗര മേഖലയില്‍ മില്യണ്‍ പ്ലസ് സിറ്റീസ് ന് 281 കോടിയും നോണ്‍ മില്യണ്‍ പ്ലസ് സിറ്റീസ് ന് 368 കോടിയും ചേര്‍ന്ന് ആകെ 1909 കോടി രൂപ ലഭിക്കണം. ഇതില്‍ ഒന്നാം ഗഡുവായി 814 കോടി രൂപ ഈ വര്‍ഷമാദ്യം ലഭിക്കേണ്ടതാണ്. അത് യഥാസമയം തന്നില്ല. നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍ ഗ്രാമ മേഖലയിലേക്കായി 252 കോടി രൂപ മാത്രമാണ് ഈ നവംബര്‍ 20 ന് അനുവദിച്ചത്.
കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നത് സംസ്ഥാനങ്ങളുടെയും അതു വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ അവകാശമാണ്. അവകാശമുള്ള ഫണ്ട് ലഭിക്കാത്തതിനാല്‍ തദ്ദേശ തലത്തില്‍ പ്രോജക്റ്റുകള്‍ മുടങ്ങുകയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 280 പ്രകാരം ഇത്തരം ഏതെങ്കിലും നിബന്ധനകള്‍ നല്‍കാന്‍ ധനകാര്യ കമ്മീഷന് മാത്രമാണ് അധികാരം. എന്നാല്‍ കേന്ദ്ര ധനകാര്യ വകുപ്പ് ഏകപക്ഷീയമായി പുതിയ നിബന്ധന വെച്ചിരിക്കുന്നു. ഇത് തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണ്.
നവകേരള സദസ്സിന് നടത്തിപ്പിനാവശ്യമായ തുകയില്‍ ഒരു ചെറിയ വിഹിതം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊരു പ്രചാരണം. നവകേരള സദസ്സ് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഔദ്യോഗിക പരിപാടിയാണ്. സ്വാഭാവികമായും സംഘാടനത്തിന്റെ ഭാഗമായിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നവകേരള സദസിന് ആവശ്യമായ ചെലവില്‍ വിഹിതം നല്‍കുന്നതിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.
നവകേരള സദസ് മുന്‍ മാതൃകകള്‍ ഇല്ലാത്ത ഒരു പരിപാടിയാണ്. അതുകൊണ്ടുതന്നെ മുന്‍കൂട്ടി പഞ്ചായത്ത് രാജ് നിയമത്തില്‍ മുന്‍സിപ്പാലിറ്റി നിയമത്തിലോ ഇത്തരമൊരു പരിപാടിയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. അതുകൊണ്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കൂടി ഏറ്റെടുത്തു നടത്തുന്ന ഈ പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. അതിന് പരിധിയും നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്.
ആദ്യം പണം നല്‍കുന്നതിനു തീരുമാനിച്ച ഒരു നഗരസഭ, പ്രതിപക്ഷ നേതാവിന്റെ പ്രേരണ മൂലമെന്ന് മനസ്സിലാക്കുന്നു ഇതിനെതിരെ കോടതിയില്‍ പോകുന്ന സാഹചര്യമുണ്ടായി. ആ ഉത്തരവ് റദ്ദാക്കുന്നതിനുള്ള യാതൊരു നടപടിയും കോടതി സ്വീകരിച്ചില്ല. ഇതിനെയാണു നവകേരള സദസ്സിനു വേണ്ടി ഉള്ള പിരിവ് എന്ന് പറയുന്നത്. നിരവധി യുഡിഎഫ് എംഎല്‍എമാര്‍ വിവിധ പരിപാടികള്‍ക്കു വേണ്ടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തുക ഉപയോഗിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
പലതിനും അനുമതി നല്‍കിയിട്ടുമുണ്ട്. സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച് നടപ്പാക്കുന്ന ഒരു പരിപാടിയില്‍ പണം ചെലവഴിക്കേണ്ടി വരിക എന്നുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് പ്രാഥമികമായ ഒരു ഉത്തരവാദിത്വം ആണ് എന്നത് വിസ്മരിക്കരുത്.
സ്വാനുഭവങ്ങള്‍ മറന്ന് ജനങ്ങള്‍ നുണകളുടെ പിന്നാലെ പോകില്ല. അതിനു തെളിവ്, യുഡിഎഫ് എം എല്‍ എ മാര്‍ ബഹിഷ്‌കരിച്ച മണ്ഡലങ്ങളില്‍ റെക്കോഡ് സൃഷ്ടിച്ച് ഒഴുകിയെത്തുന്ന സദസ്സ്. ഈ ജനങ്ങള്‍ക്ക് മുന്നില്‍ ഒരു വ്യാജ ആക്ഷേപവും വിലപ്പോകില്ല എന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു.
പാലക്കാട് ജില്ലയില്‍ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോള്‍ 12 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 61204 നിവേദനങ്ങള്‍. ആദ്യദിനം ലഭിച്ചത് 15753 നിവേദനങ്ങളും രണ്ടാം ദിവസം 22745 ഉം മൂന്നാം ദിവസം 22706 നിവേദനങ്ങളുമാണ് ലഭിച്ചത്. മലമ്പുഴ -7067, പാലക്കാട്-5281, നെന്മാറ-6536, ആലത്തൂര്‍-6664, ഷൊര്‍ണൂര്‍-3424, ഒറ്റപ്പാലം-4506, തരൂര്‍-4525, ചിറ്റൂര്‍-4981, മണ്ണാര്‍കാട്-5885, കോങ്ങാട്-4512, പട്ടാമ്പി-3404, തൃത്താല-4419 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.