ബ്രസല്‍സ്: ബെല്‍ജിയം ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് ലൈംഗികത്തൊഴിലാളികള്‍ക്കായി ഒരു പുത്തന്‍ നിയമം അവതരിപ്പിച്ചു. ഈ നിയമ പ്രകാരം, ലൈംഗികത്തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്ക് സമാനമായ അവകാശങ്ങള്‍ ലഭിക്കും. പ്രസവാവധി, പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ ഇനി മുതല്‍ ലൈംഗികത്തൊഴിലാളികള്‍ക്കും ലഭ്യമാകും.
ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ലൈംഗികത്തൊഴിലാളികള്‍ക്ക് ഇത്തരം വ്യാപകമായ അവകാശങ്ങള്‍ നല്‍കുന്നത്. ഇത് ലൈംഗികത്തൊഴിലിനെ സംബന്ധിച്ചുള്ള നിലപാടുകളില്‍ വലിയ മാറ്റത്തിന് തുടക്കം കുറിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ നിയമത്തെ എതിര്‍ക്കുന്നവരുമുണ്ട്. ലൈംഗികത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും കടത്തുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാന്‍ ഈ നിയമത്തിന് കഴിയില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സെക്‌സ് വര്‍ക്കേഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം 52 ദശലക്ഷം ലൈംഗികത്തൊഴിലാളികളുണ്ട്. ബെല്‍ജിയം 2022ല്‍ തന്നെ ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കിയതും ശ്രദ്ധേയമാണ്. തുര്‍ക്കിയിലും പെറുവിലും ഇത് നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ബെല്‍ജിയത്തിലെ പുതിയ നിയമം 2022-ല്‍ അവിടെ നടന്ന വന്‍ പ്രതിഷേധങ്ങളുടെയും, ലൈംഗികത്തൊഴിലാളികളുടെ ദുരിതങ്ങളുടെയും ഫലമായാണ് പിറന്നത്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ കാലത്ത് ലൈംഗികത്തൊഴിലാളികള്‍ തെരുവിലിറങ്ങിയിരുന്നു. ബെല്‍ജിയന്‍ യൂണിയന്‍ ഓഫ് സെക്‌സ് വര്‍ക്കേഴ്സിന്റെ പ്രസിഡന്റും, 12 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുമായ വിക്ടോറിയയായിരുന്നു ഈ പ്രതിഷേധത്തിന്റെ മുഖ്യ വക്താവ്.
തന്റെ വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, വിക്ടോറിയ ഈ പോരാട്ടത്തെ നയിച്ചു. 2022-നു മുമ്പ്, അവര്‍ സുരക്ഷിതമല്ലാത്ത ഒരു അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു. അവരെ ജോലി ചെയ്യിച്ചിരുന്ന ഏജന്‍സി വരുമാനത്തിന്റെ വലിയൊരു ഭാഗം തട്ടിയെടുത്തതിനാല്‍, മറ്റൊരു വഴിയും ഇല്ലാതെ അവര്‍ ഈ ജോലി തുടരേണ്ടി വന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.
ബെല്‍ജിയത്തിലെ പുതിയ നിയമം അനുസരിച്ച്, ലൈംഗികത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ മുറികളിലും അടിയന്തര അലാം ബട്ടണ്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇത് ലൈംഗികത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. പുതിയ നിയമം ലൈംഗിക തൊഴിലെ പല അപകടങ്ങളും കുറയ്ക്കുന്നതിനും ലൈംഗിക തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നുവെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.