തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധന അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും പറഞ്ഞു. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം കാരണം പൊറുതിമുട്ടിയ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതാണ് വൈദ്യുതി നിരക്ക് വര്‍ധനയിലേക്ക് നയിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അധികം വൈകില്ലെന്നാണ് മന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്.
വൈദ്യുതി നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. ഈ റിപ്പോര്‍ട്ട് കെഎസ്ഇബിക്ക് നല്‍കിയാല്‍ അതിന് ശേഷം ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ഉപഭോക്താക്കളുമായും സര്‍ക്കാരുമായും ചര്‍ച്ച ചെയ്ത ശേഷം തീരുമാനം എടുക്കുമെന്നാണ് മന്ത്രി പറയുന്നത്. നിരക്ക് വര്‍ധന നടപ്പിലാക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആഘാതം ഏല്‍ക്കാതെ കൊണ്ട് വരാനാണ് പദ്ധതിയെന്ന് പറയുമ്പോഴും അന്തിമ തീരുമാനം എന്തെവുമെന്ന് കണ്ടറിയണം.
വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് പുറമേ സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് മന്ത്രി അറിയിച്ചത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും വകുപ്പിന്റെ പരിഗണനയിലുണ്ട്. കൂടുതല്‍ ആവശ്യകത വരുന്ന വേനല്‍ക്കാലത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് വലിയ പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മര്‍ താരിഫ് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ കൊണ്ട് വരാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഉപതെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. പെരുമാറ്റച്ചട്ടം നിലവിലുള്ളതും, തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും എന്ന വിലയിരുത്തലുമാണ് നിരക്ക് വര്‍ധന നീളാനുണ്ടായ കാരണം.
എന്നാല്‍ നിലവില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിരക്ക് വര്‍ധനയുമായി മുന്നോട്ട് പോവാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ മെയ് മാസം വരെ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെ നിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് കെഎസ്ഇബിയുടെ ശുപാര്‍ശ. ഇത്രയും വര്‍ധനവ് ഉണ്ടാവുമോ എന്നത് വ്യക്തമല്ല.