ന്യൂഡല്‍ഹി: നേവി അടുത്തിടെ കമ്മിഷന്‍ ചെയ്ത ഐ.എന്‍.എസ് അരിഘട്ട് ആണവ അന്തര്‍വാഹിനിയില്‍ നടന്ന പുതിയ ആണവ മിസൈല്‍ പരീക്ഷണത്തിന് സ്ഥിരീകരണം. 3500 കി.മീ ദൂരമുള്ള മിസൈല്‍ പരീക്ഷച്ചതായിട്ടാണ് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി മാധ്യമങ്ങളെ ആറിയിച്ചത്.
കെ-4 മിസൈല്‍ എന്ന ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ നടത്തിയ ഈ ചരിത്ര മിസൈല്‍ പരീക്ഷണം വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് സ്ഥിരീകരണം. കെ-4ന്റെ ആദ്യ പരീക്ഷണമാണ് ഐഎന്‍എസ് അരിഘട്ടില്‍ നടന്നത്.
ഇതോടെ കരയില്‍ നിന്നും വായുവില്‍ നിന്നും കടലിനടിയില്‍ നിന്നും ആണവ മിസൈല്‍ വിക്ഷേപിക്കാന്‍ രാജ്യമായി ഇന്ത്യയും മാറി. രാജ്യത്തിന്റെ നാവിക ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 62 കപ്പലുകളും ഒരു അന്തര്‍വാഹിനിയും നിലവില്‍ നിര്‍മ്മാണത്തിലാണെന്നും അഡ്മിറല്‍ ത്രിപാഠി അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന പരീക്ഷണത്തെപ്പറ്റി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇന്ത്യ ഇതുവരെ അത് സ്ഥിരീകരിച്ചിരുന്നില്ല. ഇന്തോ-പസഫിക് സമുദ്ര മേഖലയില്‍ ചൈന പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ ഈ പരീക്ഷണത്തിന് വലിയ പ്രധാന്യമാണുള്ളത്. ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിധാമാന്‍ 2025ല്‍ കമ്മിഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതും ഇന്തോ-പസഫിക് മേഖലയില്‍ രാജ്യത്തിന് കരുത്ത് പകരും.