ബൈറൂത്: വെടിനിർത്തൽ നിലനിൽക്കുന്ന ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ 11 മരണം. വിവിധ കേന്ദ്രങ്ങൾക്കു നേരെ ബോംബുവർഷിച്ച ഇസ്രായേൽ സേന ഒരു സുരക്ഷ ഉദ്യോഗസ്ഥനെയടക്കം 11 പേരെ കൊലപ്പെടുത്തി. തിങ്കളാഴ്ച രണ്ടു പേരുടെ മരണത്തിനിടയാക്കി സൈനിക കേന്ദ്രങ്ങളിലടക്കം നടന്ന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. പ്രതികാരമായി ഇസ്രായേലിലെ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ല റോക്കറ്റ് വർഷിച്ചു. തുടർന്ന് ഹാരിസ്, തലൂസ, നബാത്തിയ എന്നിവിടങ്ങളിലടക്കം ആക്രമണങ്ങളിൽ ഒമ്പതുപേർ കൂടി ലബനാനിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തങ്ങളുടേതായി ലബനാൻ അവകാശപ്പെടുന്ന കഫർ ചൂബയിലെ ഇസ്രായേൽ സൈനിക താവളത്തിനുനേരെയാണ് തങ്ങൾ കരുതൽ ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച നിലവിൽവന്ന വെടിനിർത്തൽ തുടർച്ചയായി ലംഘിച്ച് രാജ്യത്തുടനീളം വ്യോമാക്രമണവും തെക്കൻ ലബനാനിൽ വെടിവെപ്പും നടത്തുന്ന ഇസ്രായേൽ ബൈറൂത്തിലടക്കം ലബനാൻ വ്യോമാതിർത്തി ലംഘിക്കലും തുടരുകയാണെന്ന് ഹിസ്ബുല്ല കുറ്റപ്പെടുത്തി.
100ഓളം വെടിനിർത്തൽ ലംഘനങ്ങളാണ് ദിവസങ്ങൾക്കകം ഇസ്രായേൽ നടത്തിയത്. 4,000 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം അവസാനിപ്പിച്ച വെടിനിർത്തൽ ഇതോടെ അപകടത്തിലാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഇരുപക്ഷവും ആക്രമണം പൂർണമായി നിർത്തണമെന്നാണ് നിബന്ധനയെങ്കിലും ദിവസവുമെന്നോണം ഇസ്രായേൽ ആക്രമണം നടത്തിയത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. തെക്കൻ ലബനാനിൽ കൂടുതൽ മേഖലകൾ പിടിക്കാൻ വെടിനിർത്തൽ അവസരമാക്കുന്നതായും ലബനാനിലെ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.