മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് നിലനിന്നിരുന്ന സസ്പെന്‍സിന് ഇന്ന് അറുതി. ബിജെപി നിയമസഭ അംഗങ്ങളുടെ സുപ്രധാന യോഗത്തില്‍ ദേവേന്ദ്ര ഫഡ്നാവിസിനെ നേതാവായി തിരഞ്ഞെടുത്തു. മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും സുധീര്‍ മുന്‍ഗന്തിവാറും ഫഡ്നാവിസിന്റെ പേര് നിര്‍ദേശിച്ചു. പങ്കജ മുണ്ടെ പിന്താങ്ങി. നിരീക്ഷകരായ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫഡ്നാവിസിന്റെ നേതൃത്വത്തിലാണ് തങ്ങള്‍ വിജയിച്ചതെന്ന് ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
”ബിജെപി 149 സീറ്റുകളില്‍ മത്സരിക്കുകയും 132 സീറ്റുകള്‍ നേടുകയും ചെയ്തതിന് മഹാരാഷ്ട്രയിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ്. ഞങ്ങളുടെ സഖ്യകക്ഷികളും 57, 41 വീതം സീറ്റുകള്‍ നേടി. ഏഴ് എംഎല്‍എമാരും ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയതിനാല്‍ നിയമസഭയില്‍ 237 അംഗങ്ങള്‍ മഹായുതിക്ക് ഉണ്ടാവും…” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മഹായുതി സഖ്യകക്ഷിയായ എന്‍സിപി മേധാവി അജിത് പവാര്‍ മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്നും ശിവസേനയ്ക്കും എന്‍സിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 132 നിയമസഭാ സീറ്റുകള്‍ നേടി. ശിവസേന 57 സീറ്റുകള്‍ നേടിയപ്പോള്‍ എന്‍സിപി 41 സീറ്റുകള്‍ കരസ്ഥമാക്കി.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിക്ക് (എംവിഎ) തിരിച്ചടി നേരിട്ടു. 16 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ശരദ് പവാറിന്റെ എന്‍സിപി (എസ്പി) 10 സീറ്റുകളും ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) 20 സീറ്റുകളും മാത്രമാണ് നേടിയത്. ഡിസംബര്‍ അഞ്ചിന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്യും.