തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ക്ക് തിരികൊടുത്ത നീല ട്രോളി ബാഗ് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ദിവസം സൃഷ്ടിച്ചത് കൗതുകം. നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് എം.എല്‍.എ രാഹൂല്‍ മാങ്കൂട്ടത്തിലിനും ചേലക്കര എം.എല്‍.എ യു.ആര്‍. പ്രദീപിനും സ്പീക്കര്‍ പ്രത്യേക ഉപഹാരമായി നല്‍കിയ നീല ട്രോളി ബാഗാണ് ചര്‍ച്ചാ വിഷയം. ഇരുവര്‍ക്കുമായി സ്പീക്കറുടെ വക ബാഗ് എം.എല്‍.എ ഹോസ്റ്റലില്‍ എത്തി.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ മന്ത്രി എം.ബി രാജേഷും സി.പി.എം സംഘവും നീല ട്രോളി ബാഗ് വിഷയം ഉയര്‍ത്തി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. യു.ഡി.എഫിനായി നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ നീല ട്രോളി ബാഗില്‍ കള്ളപ്പണമെത്തിയെന്നായിരുന്നു ആരോപണം. വനിതാ നേതാക്കളുടെയടക്കം മുറികളില്‍ നടത്തിയ പാതിരാ റെയ്ഡും വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയിരുന്നത്. പിറ്റേ ദിവസം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ട്രോളി ബാഗുമായി വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.
തന്റെ വസ്ത്രങ്ങള്‍ കൊണ്ടുവന്ന ബാഗായിരുന്നു ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഹോട്ടലില്‍ വരുമ്പോള്‍ തക്കാളിപ്പെട്ടിയുമായി വരണമായിരുന്നോ എന്നായിരുന്നു രാഹുല്‍ ഉയര്‍ത്തിയ ചോദ്യം. സംഭവം യുഡിഎഫിനും എല്‍ഡിഎഫിനും എതിരെ ട്രോളുകള്‍ക്ക് ഉണ്ടാകുന്നതിന് കാരണമായിരുന്നു. സി.പി.എം നേതാക്കളെ കളിയാക്കിക്കൊണ്ടായിരുന്നു ഭൂരിപക്ഷം ട്രോളുകളും. മന്ത്രി രാജേഷും എ.എ റഹിം എം.പിയും ട്രോളര്‍മാരുടെ കടുത്ത ആക്രമണമാണ് നേരിട്ടത്. ഇപ്പോഴും നീല ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണത്തില്‍ സി.പി.എം ഉറച്ചു നില്‍ക്കുമ്പോഴാണ് സ്പീക്കറുടെ സമ്മാനമായി ട്രോളി ബാഗുകള്‍ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയിരിക്കുന്നത്.
നീല ട്രോളി ബാഗ് ഉപഹാരം നല്‍കിയതിലൂടെ സ്പീക്കര്‍ മന്ത്രി രാജേഷിനെ ട്രോളിയതാണ് എന്ന അടക്കം പറച്ചിലുകളും നിയമസഭാ ജീവനക്കാര്‍ക്ക് ഇടയില്‍ ഉയരുന്നുണ്ട്. പാര്‍ലമെന്ററികാര്യ മന്ത്രിയായ രാജേഷിന് സത്യപ്രതിജ്ഞ ചടങ്ങില്‍ വേദിയില്‍ സ്ഥാനം നല്‍കാതിരുന്നതാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നത്. സാധാരണ രീതിയില്‍പാര്‍ലമെന്ററി കാര്യ മന്ത്രിക്കാണ് വേദിയില്‍ സ്ഥാനം നല്‍കുന്നത് എന്നാല്‍ രാജേഷ് എത്തുന്നതിന് മുമ്പ് മന്ത്രി സജി ചെറിയാനെ സ്പീക്കര്‍ വേദിയില്‍ ഇരുത്തി. ഇത് കാരണം രാജേഷിന് വേദിയില്‍ ഇടം ലഭിക്കാതെ വരികയായിരുന്നു. അതേസമയം ബാഗുകളുടെ നിറം നീലയായത് യാദൃശ്ചികമെന്നാണ് സ്പീക്കറുടെ പ്രതികരണം.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള ഇരു മുന്നണിയുടെയും നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. നിയമസഭയില്‍ കന്നിക്കാരനാണ് രാഹുല്‍. യു.ആര്‍ പ്രദീപിന്റെ രണ്ടാമൂഴമാണിത്.