വാഷിങ്ടണ്‍: ഇറാന്‍ എണ്ണ കയറ്റുമതിയെ സഹായിച്ചെന്ന് ആരോപിച്ച് ഇന്ത്യയില്‍നിന്ന് രണ്ടെണ്ണമടക്കം 35 കമ്പനികള്‍ക്കും കപ്പലുകള്‍ക്കും ഉപരോധം പ്രഖ്യാപിച്ച് യു.എസ്. ‘ഫോനിക്‌സ്’ എന്ന പേരിലുള്ള വിഷന്‍ ഷിപ് മാനേജ്‌മെന്റ്, ടൈറ്റ്ഷിപ് ഷിപ്പിങ് മാനേജ്‌മെന്റ് എന്നിവയാണ് ഇന്ത്യന്‍ കമ്പനികള്‍.
യു.എ.ഇ, ചൈന, ലൈബീരിയ, ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്നുള്ളവയാണ് മറ്റു കപ്പലുകള്‍. ഒക്ടോബര്‍ ഒന്നിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് ഇറാന്‍ എണ്ണക്കുമേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുകയാണെന്ന് യു.എസ് ട്രഷറി വകുപ്പ് അറിയിച്ചു.
എണ്ണ കയറ്റുമതി വഴിയാണ് ഇറാന്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതെന്നും ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതെന്നുമാണ് ആരോപണം. ഇതര രാജ്യങ്ങളിലെ സഖ്യകക്ഷികളെ സാമ്പത്തികമായി സഹായിക്കുന്നതും ഈ ഫണ്ട് ഉപയോഗിച്ചാണ്. ഇന്ത്യന്‍ കമ്പനികള്‍ ദശലക്ഷക്കണക്കിന് ബാരല്‍ ഇറാന്‍ എണ്ണയാണ് 2022 മുതല്‍ കടത്തിയതെന്ന് ട്രഷറി വകുപ്പ് കണക്കുകള്‍ ആരോപിക്കുന്നു.