ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് ഡ്രോണുകൾ വിന്യസിച്ചതായി റിപ്പോർട്ട്. പശ്ചിമ ബംഗാൾ അതിർത്തിക്കു സമീപത്തെ നീക്കത്തെ തുടർന്ന് ഇന്ത്യ നിരീക്ഷണം ശക്തമാക്കി.
തുർക്കി നിർമിത ബേറക്തർ ടി.ബി2 ഡ്രോണുകളാണ് വിന്യസിച്ചതാണ് റിപ്പോർട്ടുകൾ. രഹസ്യാന്വേഷണ ദൗത്യങ്ങൾക്കും നിരീക്ഷണത്തിനുമായാണ് ബംഗ്ലാദേശ് സൈന്യം ഇവ ഉപയോഗിക്കുന്നത്. ഈ വർഷമാദ്യമാണ് ബേറക്തർ ടി.ബി2 ഡ്രോണുകൾ ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഡിഫൻസ് ടെക്നോളജി ഓഫ് ബംഗ്ലാദേശ് (ഡി.ടി.ബി) പ്രകാരം ഓർഡർ ചെയ്ത 12 ഡ്രോണുകളിൽ 6 എണ്ണമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്.
പ്രതിരോധ ആവശ്യങ്ങൾക്കായാണ് ഡ്രോൺ വിന്യാസമെന്ന് ബംഗ്ലാദേശ് അവകാശപ്പെടുന്നുണ്ടെങ്കിൽ, ഇത്തരം നൂതന ഡ്രോണുകൾ തന്ത്രപ്രധാന മേഖലയിൽ വിന്യസിക്കുന്നതിന്‍റെ പ്രാധാന്യം ഇന്ത്യ അവഗണിക്കുന്നില്ല. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് വിവിധ ഗ്രൂപ്പുകളും കള്ളക്കടത്ത് ശൃംഖലകളും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുകയാണെന്നാണ് ഇന്‍റലിജൻസ് മുന്നറിയിപ്പ്.
സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും നമ്മുടെ അതിർത്തികൾ സുരക്ഷിതമാക്കാനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.