ന്യൂഡൽഹി :വിമതർ ഭരണം പിടിച്ചെടുത്ത സിറിയയിൽ ഇന്ത്യക്കാർ സുരക്ഷിതരെന്ന് എംബസി വൃത്തങ്ങൾ. സിറിയയുടെ തലസ്‌ഥാനമായ ഡമാസ്‌കസിലെ ഇന്ത്യൻ എംബസി പ്രവർത്തനം തുടരുകയാണെന്നും എല്ലാ ഇന്ത്യൻ പൗരന്മാരുമായും ബന്ധപ്പെടുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. സിറിയയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്നും അവരെ സഹായിക്കാൻ എംബസി ലഭ്യമാണെന്നും വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്‌ചയാണ് രണ്ടു പതിറ്റാണ്ടായി ഭരിക്കുന്ന ബഷാർ അൽ അസദ് സർക്കാരിനെ വീഴ്ത്തിയ വിമതർ ഭരണം പിടിച്ചെടുത്തത്. സിറിയയിൽ വിമതനീക്കം രൂക്ഷമായപ്പോൾ തന്നെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.ഇന്ത്യക്കാർ എത്രയും വേഗം സിറിയ വിടണമെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നുമായിരുന്നു മന്ത്രാലയത്തിൻ്റെ നിർദേശം. ലഭ്യമാകുന്ന വിമാനങ്ങളിൽ ഇന്ത്യക്കാർ എത്രയും വേഗം തിരികെയെത്തണം.
അതിന് കഴിയാത്തവർ കടുത്ത ജാഗ്രത പുലർത്തണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശത്തിലുണ്ടായിരുന്നു. +963993385973 എന്ന നമ്പറിലും hoc.damascus@mea.gov.in – മെയിലിലും ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. സിറിയയിലെ സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നാണ് വെള്ളിയാഴ്ച ഇന്ത്യ വ്യക്തമാക്കിയത്.