പത്തനംതിട്ട: നടന്‍ ദിലീപിന്റെ ശബരിമലയിലെ വിഐപി ദര്‍ശന വിവാദത്തില്‍ നാല് പേര്‍ക്കെതിരെ നടപടി. ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് കര്‍ശന നടപടി സ്വീകരിച്ചത്.
ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. വിശദീകരണം കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഹരിവാസനം പാടുന്ന സമയത്തായിരുന്നു ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശനത്തിന് വഴിയൊരുക്കിയത്. പത്ത് മിനിറ്റിലേറെ മുന്‍ നിരയില്‍ തന്നെ നിന്ന് ദര്‍ശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദര്‍ശനത്തിനും ക്യൂ നീങ്ങുന്നതിനും തടസം സൃഷ്ടിച്ചെന്നാണ് ആരോപണം.
ഹരിവരാസന സമയത്തു പരമാവധി ഭക്തര്‍ക്കു ദര്‍ശനം നല്‍കാനാണു ശ്രമിക്കേണ്ടത്. ദേവസ്വം ബോര്‍ഡാണ് ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. സോപാനത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. തിങ്ങളാഴ്ച വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്.