ഡമാസ്‌കസ്: സിറിയയിലെ വിമത നീക്കത്തെ തുടര്‍ന്ന് അദ്ദേഹം രാജ്യം വിട്ട പ്രസിഡന്റ ബാഷര്‍ അല്‍ അസദിന്റെ 31,500 ചതുരശ്ര മീറ്റര്‍ വരുന്ന അല്‍ റവാദയിലെ അസദിന്റെ കൊട്ടാരത്തില്‍ പ്രവേശിച്ച് വിമത അനുകൂലികള്‍ സംഹാര താണ്ഡവമാടി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിമത സംഘം പ്രസിഡന്റിന്റെ കിടപ്പുമുറി, ഔദ്യോഗിക കാബിനുകള്‍, പൂന്തോട്ടം എന്നിവയെല്ലാം തരിപ്പണമാക്കി. ഫര്‍ണിച്ചറുകള്‍, ആഭരണങ്ങള്‍, ആഡംബര കാറുകള്‍ തുടങ്ങി കൊട്ടാരത്തിലുണ്ടായിരുന്ന വിലപ്പെട്ട സാധനങ്ങള്‍ മുതല്‍ കസേരകള്‍, പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം ചുമലിലേറ്റി കൊണ്ടുപോയി.
പലരും കൊട്ടാരത്തിനുള്ളില്‍ ഫോട്ടോകളും എടുത്തു. കൊട്ടാരത്തിലുണ്ടായിരുന്ന മെര്‍സിഡീസ് ബെന്‍സ് കാറുകള്‍, എസ്.യു.വികള്‍, മോട്ടോര്‍സൈക്കിളുകള്‍ തുടങ്ങിയ വാഹനങ്ങളും വിമതര്‍ കൈക്കലാക്കി. മുറികള്‍ക്ക് തീയിട്ട് നശിപ്പിച്ചതായും റിപോര്‍ട്ടുണ്ട്. ആരും അവരെ തടഞ്ഞതുമില്ല. സിറിയയുടെ വിവിധ ഭാഗങ്ങളില്‍ അസദിന്റെയും കുടുംബത്തിന്റെയും പോസ്റ്ററുകളും ബാനറുകളും പ്രതിമകളും തകര്‍ക്കുകയും വികൃതമാക്കുകയും ചെയ്തു. നിലവില്‍, സന്തോഷവും ഭയവും നിറഞ്ഞ സമ്മിശ്രമായ വികാരമാണ് സിറിയയില്‍ നിലനില്‍ക്കുന്നത്, സമാധാനത്തിന്റെ പ്രതീക്ഷയ്ക്കൊപ്പം അരാജകത്വത്തിന്റെ വേവലാതിയും ഉണ്ട്.
സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അസദിന് അഭയം നല്‍കിയ റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഡമാസ്‌കസ് ഉള്‍പ്പെടെയുള്ള സിറിയയിലെ പല വലിയ നഗരങ്ങളും വിമതര്‍ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം സിറിയയിലെ ദാഇശ് കേന്ദ്രങ്ങള്‍ക്കെതിരെ തങ്ങളുടെ സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തിയതായി അമേരിക്ക അറിയിച്ചു. തെക്ക്-കിഴക്കന്‍ സിറിയയില്‍ ഇതിനകം 900 അമേരിക്കന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
13 വര്‍ഷം നീണ്ട സിറിയന്‍ ആഭ്യന്തരയുദ്ധം അപ്രതീക്ഷിതമായി അവസാനിച്ചതോടെ വിമതരും അവരെ പിന്തുണക്കുന്നവരും ആഘോഷത്തിലാണ്. ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്ടിഎസ്) എന്ന വിമത സംഘടന രണ്ടാഴ്ചയ്ക്കുള്ളില്‍ അലപ്പോ, ഹോംസ്, ഹമ തുടങ്ങിയ പ്രധാന നഗരങ്ങള്‍ പിടിച്ചെടുത്ത് ഡമസ്‌കസിലേക്ക് നീങ്ങുകയായിരുന്നു. ഞായറാഴ്ച, അവര്‍ സിറിയന്‍ തലസ്ഥാനം പിടിച്ചെടുത്തതോടെ ആറ് പതിറ്റാണ്ടോളം നീണ്ട അസദ് കുടുംബത്തിന്റെ ഭരണം അവസാനിച്ചു.