ടഹ്‌റാന്‍: ഇറാനില്‍ പുതുതായി പ്രാബല്യത്തില്‍ വരുന്ന നിയമപ്രകാരം നിര്‍ബന്ധിത സദാചാര നിയമങ്ങള്‍ ലംഘിച്ചാല്‍ ഇറാനിയന്‍ സ്ത്രീകള്‍ക്ക് വധശിക്ഷയോ 15 വര്‍ഷം തടവ് ശിക്ഷയോ ലഭിക്കും. ഹിജാബ് സംസ്‌കാരവും പവിത്രതയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ നിയമം പാസാക്കുന്നതെന്ന് ഇറാന്‍ അധികാരികള്‍ അറിയിച്ചു.
നഗ്നത, അശ്ലീലം, അനാച്ഛാദനം, അനുചിതമായ വസ്ത്രധാരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് 12,500 പൗണ്ട് വരെ പിഴ ചുമത്തുമെന്നും ചാട്ടവാറടിയും തടവുശിക്ഷയും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ ലഭിക്കുമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
ഭൂമിയിലെ അഴിമതി എന്ന് അധികാരികള്‍ കണക്കാക്കുന്ന ഈ ലംഘനങ്ങള്‍ ഇറാന്റെ ഇസ്ലാമിക ശിക്ഷാനിയമത്തിലെ ആര്‍ട്ടിക്കിള്‍ 296 പ്രകാരം വധശിക്ഷക്ക് വിധിക്കപ്പെടുന്നവയാണ്. സ്ത്രീകളും പെണ്‍കുട്ടികളും തങ്ങളുടെ വീഡിയോകള്‍ ഇറാന് പുറത്തുള്ള മാധ്യമങ്ങള്‍ക്ക് നല്‍കുന്നതും പുതിയ നിയമപ്രകാരം വധശിക്ഷക്ക് കാരണമാകുന്ന കുറ്റമാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
‘തങ്ങളുടെ അവകാശങ്ങള്‍ നേടാനായി സ്ത്രീകള്‍ ധൈര്യം കാണിച്ചതിന്റെ പേരിലാണ് ലജ്ജാകരമായ ഈ നിയമം പാസാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഈ നിയമം കാരണമാകും’, ആംനസ്റ്റിയുടെ മിഡില്‍ ഈസ്റ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡയാന എല്‍തഹാവി പറഞ്ഞു.
ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിയമത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇത് രാജ്യത്ത് സ്ത്രീകള്‍ക്ക് മേല്‍ വര്‍ദ്ധിച്ചുവരുന്ന നിയന്ത്രണങ്ങള്‍ നിയമവിധേയമാക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചു.
ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ 22 കാരിയായ കുര്‍ദിഷ് യുവതി മഹ്സ അമിനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് നിയമം നിലവില്‍ വന്നിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മഹ്സ അമിനി കൊല്ലപ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി, ഇറാനിയന്‍ സ്ത്രീകള്‍ കര്‍ശനമായ ഡ്രസ് കോഡ് പരസ്യമായി ലംഘിക്കുകയാണ്. കഴിഞ്ഞമാസം, കര്‍ശനമായ വസ്ത്രധാരണത്തില്‍ പ്രതിഷേധിച്ച് ഒരു ഇറാനിയന്‍ വിദ്യാര്‍ത്ഥിനി അടിവസ്ത്രം അഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ആ വിദ്യാര്‍ത്ഥിനിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയാണ് ചെയ്തത്.
നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാനായി ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്ന് ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് ഇറാനില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ‘കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഹിജാബിന്റെ പേരില്‍ സ്ത്രീകള്‍ക്ക് പിഴ ചുമത്തുക, തടവുശിക്ഷ നല്‍കുക, ചാട്ടവാറടി തുടങ്ങിയ ശിക്ഷാരീതികള്‍ ഇറാന്‍ അധികാരികള്‍ പിന്തുടരുന്നുണ്ട്. അതിലേക്ക് വധശിക്ഷ കൂടി ഇപ്പോള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.
ഈ ഭരണകൂടം അഫ്ഗാനിസ്ഥാനിലെ താലിബാന്റെ കീഴില്‍ സംഭവിക്കുന്നത് പോലെ സ്ത്രീകളുടെ അവകാശങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യം വിദ്യാഭ്യാസം നിയന്ത്രിക്കും പിന്നീട് ഇവര്‍ സ്ത്രീകളെ പൂര്‍ണ്ണമായും നിശബ്ദരാക്കും’, ഇറാനിയന്‍ മനുഷ്യാവകാശ അഭിഭാഷകനായ നസാനിന്‍ അഫ്ഷിന്‍ ജാം മക്കേ പറഞ്ഞു.