സിംഗപ്പുർ: ചെസിൽ ഇന്ത്യയുടെ ഡി. ഗുകേഷ് ലോക തമ്പുരാൻ. പുതിയ ചരിത്രമെഴുതിയ ഇന്ത്യയുടെ ഡി. ഗുകേഷ് ലോക ചാംപ്യനായി. ലോക ചെസ് ചാംപ്യൻഷിപ്പിലെ അവസാന ഗെയിമിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചാണ് ഇന്ത്യൻ താരം കിരീടം ചൂടിയത്.
ലോക ചെസ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്.ആകെയുള്ള 14 ഗെയിമുകളിൽനിന്ന് മൂന്നാം ജയം സ്വന്തമാക്കിയ ഗുകേഷ്, 7.5-6.5 എന്ന സ്കോറിലാണ് ഡിങ് ലിറനെ വീഴ്ത്തിയത്. 14 ഗെയിമുകളിൽനിന്ന് ആദ്യം 7.5 പോയിന്റ് സ്വന്തമാക്കുന്നയാളാണ് ലോക ചാംപ്യനാകുക. ഇത്തവണ വാശിയേറിയ പോരാട്ടത്തിൽ 14-ാം ഗെയിമിലേക്ക് എത്തുമ്പോൾ 6.5 പോയിന്റ് വീതമായിരുന്നു ഇരുവർക്കും. അവസാന മത്സരത്തിൽ വിജയിച്ച് ഗുകേഷ് കിരീടത്തിൽ മുത്തമിട്ടു.