വാഷിങ്ടൺ: കോർപ്പറേറ് നികുതി കുറക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 15 ശതമാനമായി നികുതി കുറക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ന്യൂയോർക്ക് ഓഹരി വിപണി തുറക്കുന്നതിന് തൊട്ട് മുമ്പായാണ് ട്രംപിന്റെ പ്രഖ്യാപനം എത്തിയത്.
21 ശതമാനമുണ്ടായിരുന്ന നികുതി 15 ശതമാനമാക്കി കുറക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കോർപ്പറേറ്റ് മേഖലക്കായി പ്രത്യേക ഇൻസെന്റീവ് ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു. ഇതിനൊപ്പം മൂലധന ലാഭത്തിൽ നിന്നും ഡിവിഡന്റിൽ നിന്നുമുള്ള നികുതിയും കുറക്കാനും ട്രംപിന് പദ്ധതിയുണ്ട്. ഇക്കാര്യം ഉപദേശകരുമായി ചർച്ച ചെയ്യുകയാണെന്നും നിയുക്ത യു.എസ് പ്രസിഡന്റ് അറിയിച്ചു.
കാർ നിർമാതാക്കൾ അടക്കമുള്ളവർ യു.എസിലേക്ക് തിരിച്ച് വരണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇവർക്ക് ഉറപ്പായും പ്രത്യേക ആനുകൂല്യങ്ങളുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ കമ്പനികൾ ഉൾപ്പടെ ആരും ഞങ്ങളെ വിട്ട് പോകാൻ പോവുന്നില്ല. നിങ്ങൾ യു.എസിലേക്ക് തിരിച്ചുവന്നാൽ പ്രത്യേക ഇൻസെന്റീവ് ഉൾഹപ്പടെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണയുടേയും ഗ്യാസിന്റേയും ഉൽപാദനത്തിൽ നമ്മൾ ഒന്നാം സ്ഥാനത്താണ് ഉള്ളതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. തന്റെ ആദ്യ ഭരണകാലയളവിലാണ് നമ്മൾ ഇത്തരത്തിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഒരു രാജ്യവും നമ്മളെ പോലെ എണ്ണയുടേയും ഗ്യാസിന്റേയും കാര്യത്തിൽ ഉൽപാദനം നടത്തുന്നില്ലെന്നും ട്രംപ് പറഞ്ഞു. ജനുവരി 20ാം തീയതിയാണ് യു.എസ് പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുന്നത്.