ന്യൂഡല്‍ഹി: അപകടകരമായ വായുമലിനീകരം മൂലം ഓരോ വര്‍ഷവും ഇന്ത്യയില്‍ 15 ലക്ഷത്തോളം പേര്‍ മരണപെടുന്നതായി പഠന റിപ്പോര്‍ട്ട്.
ഇന്ത്യന്‍ നഗരങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ കൂടിയും വായു മലിനീകരണം മൂലം മരണങ്ങളുണ്ടാവുമെന്നും പഠനത്തില്‍ പറയുന്നു.
അന്തരീക്ഷ മലിനീകരണം ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്നും മലിനീകരണം കുറയ്ക്കാന്‍ പ്രൊ ആക്റ്റീവ് സമീപനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വായു മലിനീകരണം ഹൃദയാഘാതം പോലുള്ള അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും കൂടാതെ രക്ത സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുമെന്നും പഠനം പറയുന്നുണ്ട്.
2019ല്‍ അരുണാചല്‍ പ്രാദേശിലെ ലോവര്‍ സുബിന്‍സിരി ജില്ലയില്‍ നിരീക്ഷിച്ചതിന്റെയും 2016ല്‍ ഗാസിയാബാദിലും ഡല്‍ഹിയിലും നിരീക്ഷിച്ചതിന്റെയും അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട്.