ഹൈദരാബാദ്∙ നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ശ്രീദേവിയാണ് ജാമ്യഹർജി പരിഗണിച്ചത്. മനപൂർവമല്ലാത്ത നരഹത്യക്കുറ്റം നിലനിൽക്കുമോയെന്ന് കോടതി സംശയം ഉന്നയിച്ചു. ബോധപൂർവം ദേഹോപദ്രവം ഏൽപ്പിക്കൽ എന്ന വകുപ്പും നടനെതിരെ എടുക്കാനാകുമോയെന്നും കോടതി ചോദിച്ചു.
പുഷ്പ 2 ന്റെ പ്രിമിയർ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു അല്ലുവിനു ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകൻ വാദിച്ചത്. അല്ലു അർജുൻ അടക്കമുള്ള താരങ്ങളോട് തിയറ്റർ സന്ദർശിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ രേഖകൾ ഉടൻ ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പൊലീസാണെന്നും അല്ലു ഇതിനൊന്നും ഉത്തരവാദിയല്ലെന്നുമായിരുന്നു അല്ലു അർജുന്റെ അഭിഭാഷകരുടെ വാദം. ദുരന്തം ഉണ്ടാകുമ്പോൾ താരം തിയറ്ററിനകത്ത് ആയിരുന്നുവെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി ജാമ്യമനുവദിച്ചത്.
അല്ലു അർജുനെതിരെ നൽകിയ കേസ് പിൻവലിക്കാൻ തയാറാണെന്ന് ‘പുഷ്പ 2’ സിനിമയുടെ റിലീസിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ. ‘‘കേസ് പിൻവലിക്കാൻ തയാറാണ്. അറസ്റ്റിനെ കുറിച്ച് അറിയില്ല. എന്റെ ഭാര്യ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിൽ അല്ലു അർജുന് ഒരു ബന്ധവുമില്ല’’ – ഭാസ്കർ പറഞ്ഞു.
ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകനു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.