കയ്‌റോ: വിമതര്‍ ഭരണം അട്ടിമറിച്ച സിറിയയുടെ ഭാവി ചര്‍ച്ച ചെയ്യാനായി ജോര്‍ദാനില്‍ അറബ് രാജ്യ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടി നടക്കും. തുര്‍ക്കി, യു.എസ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും യുഎന്നില്‍നിന്നുമുള്ള നയതന്ത്രജ്ഞരും യോഗത്തില്‍ പങ്കെടുക്കും. സിറിയയിലെ ഭരണ അസ്ഥിരത ഐഎസ് മുതലെടുക്കുന്നതു തടയുകയും വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തോടെ ഭരണമാറ്റം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
ഉച്ചകോടിക്കു മുന്നോടിയായി ജോര്‍ദാന്‍, തുര്‍ക്കി ഭരണാധികാരികളെ സന്ദര്‍ശിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബഗ്ദാദിലെത്തി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അല്‍ ഷിയയുമായും കൂടിക്കാഴ്ച നടത്തി.
സിറിയയിലെ കുപ്രസിദ്ധമായ സേദ്‌നായ ജയില്‍ അടക്കം രാഷ്ട്രീയതടവുകാരെ പാര്‍പ്പിച്ചിരുന്ന തടവറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ സിറിയന്‍ ജനത ദശകങ്ങളായി നേരിട്ട ക്രൂരപീഡനങ്ങളെ വെളിപ്പെടുത്തുന്നുവെന്ന് യുഎന്‍ പ്രതിനിധി പറഞ്ഞു.
ജയിലുകളിലെ അറസ്റ്റ് റജിസ്റ്ററുകള്‍, തടവുകാരുടെ പട്ടിക ഉള്‍പ്പെടെ നിര്‍ണായകമായ രേഖകളൊന്നും നശിപ്പിക്കപ്പെടാതെ ശ്രദ്ധിക്കണമെന്ന് റെഡ് ക്രോസ് രാജ്യാന്തര സമിതി മേധാവി സ്റ്റീഫന്‍ സകാലിയന്‍ ആവശ്യപ്പെട്ടു. സേദ്നായ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ കെട്ടുകണക്കിനു ജയില്‍രേഖകള്‍ നശിപ്പിക്കപ്പെട്ടതായി കണ്ടതിനെത്തുടര്‍ന്നാണ് അഭ്യര്‍ഥന. 13 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധകാലത്ത് 35,000 പേരെ കാണാതായെന്നു റെഡ്‌ക്രോസ് വ്യക്തമാക്കി.