ഡമസ്കസ്: സിറിയയിൽ സമാധാനപരമായ അധികാരക്കൈമാറ്റം സാധ്യമാക്കാൻ മേഖലയിലെ മറ്റു രാജ്യങ്ങളുടെ പിന്തുണ തേടി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. തുർക്കിയ പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഖാനുമായും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുഡാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സിറിയയിൽ പുതിയ സർക്കാർ അധികാരം ഏറ്റെടുത്തില്ലെങ്കിൽ മേഖല കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തിലാണ് ബ്ലിങ്കന്റെ നയതന്ത്ര നീക്കങ്ങൾ.
സിറിയയുടെ ഭാവി സംബന്ധിച്ച് തുർക്കിയയും യു.എസും തമ്മിൽ വ്യക്തമായ ധാരണയുണ്ടെന്ന് തുർക്കിയ വിദേശകാര്യ മന്ത്രി ഹകൻ ഫിദനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത പ്രസ്താവനയിൽ ബ്ലിങ്കൻ പറഞ്ഞു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന, അയൽ രാജ്യങ്ങൾക്ക് സുരക്ഷാ ഭീഷണിയില്ലാത്ത ഇടക്കാല സർക്കാർ രൂപവത്കരിക്കുകയാണ് പ്രധാന ധാരണ. മേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ നിയന്ത്രിക്കാനുള്ള ശ്രമം തുടരേണ്ടത് അനിവാര്യമാണെന്നും ബ്ലിങ്കൻ ആവശ്യപ്പെട്ടു.
അതേസമയം, സിറിയയിൽ സ്ഥിരത സ്ഥാപിക്കുന്നതിനും തീവ്രവാദം തടയുന്നതിനും ഐ.എസും കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയും ആധിപത്യം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമാണ് മുൻഗണനയെന്ന് ഹകൻ ഫിദൻ വ്യക്തമാക്കി.