പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല വരുമാനത്തില്‍ വന്‍ വര്‍ധനവ്. തീര്‍ത്ഥാടന കാലം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ 22.8 കോടി (22,76,22,481) രൂപയുടെ അധികവരുമാനമാണ് ഇത്തവണ ലഭിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഡിസംബര്‍ 14 വരെ വരെ 163.9 കോടി (163,89,20,204) രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം (141.1 കോടി (141,12,97,723) രൂപയായിരുന്നു വരുമാനം. അരവണയുടെ വിറ്റുവരവ് 82.7 കോടി (82,67,67,050) രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17.4 കോടി (17, 41,19,730) രൂപ അധികം. തീര്‍ത്ഥാടകരുടെ എണ്ണത്തിലും ഈ വര്‍ഷം വന്‍ വര്‍ധനവ് രേഖപ്പെടുത്തി 2.7 ലക്ഷം (22,67,956) തീര്‍ഥാടകരാണ് ശനിയാഴ്ച വരെ ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4,51,043 പേര്‍ കൂടുതലായി ഇക്കുറി ശബരിമലയിലെത്തി.
സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, പോലീസ് തുടങ്ങി എല്ലാവരും സംയുക്തമായി എടുത്ത മുന്നൊരുക്കങ്ങളുടെ വിജയം കൂടിയാണ് തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ വര്‍ധനവെന്ന് ദേവസം ബോര്‍ഡ് പ്രസിഡന്റ് അവകാശപ്പെട്ടു. ഈ മണ്ഡലകാലത്ത് മികച്ച മാധ്യമപിന്തുണയും ഉണ്ടായി. തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസ് വലിയ പ്രയത്‌നം നടത്തുന്നുണ്ടെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.