സോൾ: ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ അനിശ്ചിതത്വം സാമ്പത്തിക മേഖലയെയും സഖ്യരാജ്യങ്ങളെയും ബാധിക്കാതിരിക്കാൻ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്സു നടപടി തുടങ്ങി. ഭരണ സഖ്യത്തിലെ കക്ഷിനേതാക്കളുമായി ബന്ധപ്പെട്ട് ആവശ്യമായ ഉറപ്പു നൽകി. വിശ്വാസം വീണ്ടെടുക്കാനുള്ള എല്ലാ നടപടിക്കും പ്രതിപക്ഷം പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രധാന സഖ്യ രാജ്യമായ യുഎസിന്റെ പ്രസിഡന്റ് ജോ ബൈഡനുമായി ഡക്സു ടെലിഫോൺ സംഭാഷണം നടത്തി ബന്ധങ്ങളിൽ മാറ്റമൊന്നുമുണ്ടാകില്ലെന്ന് അറിയിച്ചു.
മുൻ സർക്കാറിന്റെ കാലത്തെ ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള സഖ്യം നിലനിൽക്കുമെന്ന് പ്രസിഡൻ്റ് ബൈഡൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൊറിയ റിപ്പബ്ലിക്കിലെ ജനാധിപത്യത്തിൻ്റെയും നിയമവാഴ്ചയുടെയും പ്രതിബദ്ധതയ്ക്ക് പ്രസിഡൻ്റ് ബൈഡൻ പിന്തുണ അറിയിച്ചു.
പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്ത് സസ്പെൻഡ് ചെയ്തതോടെയാണ് ദക്ഷിണ കൊറിയയിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഇംപീച്ച്മെന്റ് പ്രമേയം പാസായതിനെത്തുടർന്ന് യോൽ സ്ഥാനമൊഴിഞ്ഞതൊടെ പ്രധാനമന്ത്രി ഹാൻ ഡക്സു ആക്ടിങ് പ്രസിഡന്റായി ചുമതലയേൽക്കുകയായിരുന്നു. രാജ്യത്തെ ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടായി. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ച യൂനിനെതിരെ ഭരണഘടനാ കോടതി പ്രോസിക്യൂഷൻ നടപടി ആരംഭിച്ചു.