കൊച്ചി: വഞ്ചിയൂരില്‍ റോഡ് അടച്ച് സി.പി.എം സമ്മേളനം നടത്തിയ സംഭവത്തില്‍ ഡി.ജി.പി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരിപാടികള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും വഞ്ചിയൂര്‍ സംഭവം അറിഞ്ഞ ഉടനെ തന്നെ ഇടപെട്ടെന്നും ഡി.ജി.പി വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ഗതടസം സൃഷ്ടിച്ച സി.പി.ഐ സമരത്തിനെതിരെയും കേസെടുത്തിരുന്നു. കൂടുതല്‍ നടപടിക്ക് നിര്‍ദേശം നല്‍കി പുതിയ സര്‍ക്കുലര്‍ ഇറക്കുമെന്നും ഡിജിപി അറിയിച്ചു.
അതേസമയം റോഡ് അടച്ചുള്ള സി.പി.എം ഏരിയ സമ്മേളനത്തില്‍ സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി . റോഡ് കുത്തിപ്പൊളിച്ചാണ് പൊതുസമ്മേളനത്തിന്റെ സ്റ്റേജിന് കാല്‍ നാട്ടിയതെങ്കില്‍ കേസ് വേറെയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ വഴി തടഞ്ഞാണ് ജോയിന്റ് കൗണ്‍സിലിന്റെ സമരം നടന്നത്. എങ്ങനെയാണ് ഇത്തരം പരിപാടികള്‍ക്ക് സ്റ്റേജ് കെട്ടുക. ഇത്തരം പ്രവൃത്തികള്‍ക്ക് ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
തിരുവനന്തപുരം വഞ്ചിയൂരില്‍ പൊതുവഴിയില്‍ സി.പി.എം ഏരിയ സമ്മേളനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരെ എതിര്‍കക്ഷികള്‍ ആക്കിയാണ് ഹര്‍ജി നല്‍കിയത്.
യാത്രാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് റോഡ് തടഞ്ഞുള്ള പരിപാടിയെന്ന് നിരീക്ഷിച്ച കോടതി, ഹൈക്കോടതിയുടെ തന്നെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ പൊലീസും സര്‍ക്കാരും കാണിക്കുന്ന അലംഭാവത്തെയും കോടതി വിമര്‍ശിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിപ്പിച്ച സര്‍ക്കുലറുകള്‍ കോള്‍ഡ് സ്റ്റോറേജിലാണോ എന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിയോടും സിറ്റി പൊലീസ് കമ്മീഷണറോടും ഹൈക്കോടതി വിശദീകരണം തേടി. വ്യാഴാഴ്ച സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മതിയായ രേഖകള്‍ സഹിതം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഡിവിഷന്‍ ആവശ്യപ്പെട്ടു.