ഡമാസ്‌കസ്: സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് 250 ദശലക്ഷം ഡോളര്‍ റഷ്യയിലേക്ക് കടത്തിയിട്ടുണ്ടെന്ന് മറ്റൊരു റിപ്പോര്‍ട്ട്. ഏകദേശം 2082 കോടി രൂപയാണിത്. ഡോളറായും യൂറോ ആയുമാണ് ഇത്രയും തുക കടത്തിയത്. നുക്കോവോ വിമാനത്താവളം വഴിയാണ് പണം കടത്തിയത്. ഇവ റഷ്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ അസദിന്റെ ബന്ധുക്കള്‍ റഷ്യയില്‍ സ്വത്തുക്കള്‍ വാങ്ങിയിട്ടുണ്ട്. റഷ്യയ്ക്കെതിരെ യൂറോപ്പിന്റെയും അമേരിക്കയുടെയും ഉപരോധമുണ്ട്. അതുകൊണ്ടുതന്നെ ബാങ്ക് ഇടപാട് വഴി പണം അയക്കല്‍ പ്രയാസമാണ്. വിമാനത്തിലാണ് പണം എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുനാള്‍ ഭരണം വീഴുമെന്ന് അസദ് മുന്‍കൂട്ടി കണ്ടിരുന്നു എന്ന് തോന്നിപ്പിക്കുംവിധമാണ് അദ്ദേഹത്തിന്റൈ നീക്കങ്ങള്‍.
അതേസമയം, റഷ്യന്‍ ബാങ്കുകള്‍ പണമായി നിക്ഷേപം സ്വീകരിച്ചതിന്റെ രേഖകള്‍ ഇല്ല എന്ന് റിപ്പോര്‍ട്ടിലുണ്ട്. സിറിയയുടെ എല്ലാ ഭരണകാര്യങ്ങളിലും അസദിന്റെ ബന്ധുക്കള്‍ ഇടപെട്ടിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള ഇടപാടില്‍ തന്നെ പണം കൈമാറാന്‍ സൗകര്യമുണ്ടായിരുന്നു. അനധികൃത എണ്ണക്കടത്തിലൂടെ അസദിന്റെ ബന്ധുക്കള്‍ വന്‍തോതില്‍ പണമുണ്ടാക്കി എന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.