വാഷിങ്ടൺ: ഡോണൾഡ് ട്രംപിനെതിരായ ഹഷ്മണി കേസ് തള്ളിക്കളയാനാവില്ലെ യു.എസ് കോടതി. ലൈംഗികാതിക്രമം മറച്ചുവെക്കാൻ വ്യാജ രേഖകൾ ചമച്ചുവെന്ന കുറ്റങ്ങളാണ് ഡോണൾഡ് ട്രംപിനെതിരെ ചുമത്തിയത്. 41 പേജുള്ള വിധിന്യായമാണ് ജഡ്ജി ജുവാൻ മെർഷൻ പുറപ്പെടുവിച്ചിരിക്കുന്നത്.
ബിസിനസ് റെക്കോഡുകൾ വ്യാജമായി നിർമിച്ചെന്ന കേസിലെ നടപടികൾ ട്രംപിന് പ്രസിഡന്റ്പദം നിർവഹിക്കുന്നതിന് ഒരു തടസവും സൃഷ്ടിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, വിധിന്യായം സംബന്ധിച്ച് ട്രംപിന്റെ അഭിഭാഷകർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
പ്രസിഡന്റിന് ലഭിക്കുന്ന സംരക്ഷണം സംബന്ധിച്ച് സുപ്രീംകോടതിയുടെ കൃത്യമായ വിധിന്യായങ്ങളുണ്ട്. ഔദ്യോഗിക കാര്യങ്ങളിൽ മാത്രമായിരിക്കും ഈ സംരക്ഷണം ലഭിക്കുക. ഇതിനർഥം ശിക്ഷിക്കപ്പെട്ട കേസിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്നല്ലെന്നും ജഡ്ജി നിരീക്ഷിച്ചു. മാൻഹട്ടൻ കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകൾ ട്രംപിന്റെ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ടതല്ലെന്നും ജഡ്ജി വ്യക്തമാക്കി.
2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് പോൺതാരം സ്റ്റോമി ഡാനിയൽസിന് ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ 130,000 ഡോളർ നൽകി. തുടർന്ന് ഈ പണം അഭിഭാഷകന് നൽകിയതാണെന്ന് വരുത്താൻ വ്യാജ രേഖകൾ ചമച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട 34 ബിസിനസ് റെക്കോർഡുകൾ ട്രംപ് വ്യാജമായി നിർമിച്ചുവെന്നാണ് കേസ്.