ബീജിങ്: രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസിലുൾപ്പെട്ട മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പിലാക്കി ചൈന. ലി ജിൻപിംഗ് (64) എന്ന നോർത്ത് ഇന്നർ മംഗോളിയ ഓട്ടോണമസ് പ്രവിശ്യയിലെ ഉദ്യോഗസ്ഥനെയാണ് ചൈന തൂക്കിലേറ്റിയത്. അനധികൃതമായി 421 മില്ല്യൺ അമേരിക്കൻ ഡോളർ സമ്പാദിച്ചെന്ന കേസിലെ ശിക്ഷയാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.
ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഹോഹോട്ട് സാമ്പത്തിക സാങ്കേതികവികസന മേഖലയുടെ മുൻ വർക്കിംഗ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ലീയുടെ വധശിക്ഷ 2022 സെപ്റ്റംബറിലാണ് പുറപ്പെടുവിച്ചത്. ഇത് 2024 ഓഗസ്റ്റിൽ അപ്പീലിൽ സ്ഥിരീകരിക്കുകയും ചെയ്തു. സുപ്രീം പീപ്പിൾസ് കോടതിയുടെ അംഗീകാരത്തെ തുടർന്നാണ് ചൊവ്വാഴ്ച ലീയുടെ വധശിക്ഷ നടപ്പാക്കിയത്. ഇന്നർ മംഗോളിയയിലെ ഒരു കോടതിയാണ് വിധി നടപ്പാക്കിയതെന്ന് സർക്കാർ നടത്തുന്ന സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അനധികൃതമായി മൂന്ന് ബില്യൺ യുവാൻ (ഏകദേശം 3500 കോടി ഇന്ത്യൻ രൂപയോളം) സമ്പാദിച്ചു എന്നാണ് 64 കാരനായ ലി ജിൻപിംഗിനെതിരെയുള്ള കേസ്. കേസിൽ ലീ കുറ്റക്കാരനാണെന്ന് ഇന്റർമീഡിയറ്റ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ചൈനയുടെ ചരിത്രത്തിലെ ഒരു അഴിമതി കേസിൽ ഉൾപ്പെട്ട ഏറ്റവും വലിയ തുക എന്നാണ് രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങൾ നേരത്തേ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.
2012-ൽ അധികാരത്തിൽ വന്നതുമുതൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് അഴിമതി വിരുദ്ധ കാമ്പെയ്‌നെയാണ് തൻ്റെ ഭരണ മാതൃകയുടെ പ്രധാന കർമപദ്ധതിയാക്കി ഉയർത്തിക്കാട്ടിയിരുന്നത്. അതിനിടെയാണ് ഉദ്യോഗസ്ഥതലത്തിൽനിന്നുതന്നെ ഇത്തരമൊരു അഴിമതി പുറംലോകമറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതിരോധ മന്ത്രിമാരും ഡസൻ കണക്കിന് സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ പത്തുലക്ഷത്തിലേറെ പാർട്ടി ഭാരവാഹികളുമാണ് ശിക്ഷിക്കപ്പെടുകയും വിചാരണനേരിടുകയും ചെയ്തതെന്നാണ് ഔദ്യോഗിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.
ഈ വർഷം ജനുവരിയിൽ സെൻട്രൽ കമ്മിഷൻ ഫോർ ഡിസിപ്‌ലൈൻ ഇൻസ്പെക്ഷൻ്റെ (സിസിഡിഐ) പ്ലീനറി സെഷനിൽ നടത്തിയ പ്രസംഗത്തിൽ, ഷി അഴിമതിയെ നേർക്കുനേർ നേരിടാൻ കേഡറുകളോട് ആഹ്വാനം ചെയ്തിരുന്നു. പാർട്ടിയുടെ സ്വയം വിപ്ലവത്തെ എല്ലാ പാർട്ടി അംഗങ്ങളും ആഴത്തിൽ പ്രോത്സാഹിപ്പിക്കണമെന്ന് ഷി പറഞ്ഞിരുന്നു.