കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകണമെന്ന ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ലോറൻസിന്റെ മകൾ ആശ ലോറൻസ്. നിരീശ്വരവാദിയായ അപ്പൻ വിശ്വാസിയായത് പലർക്കും അംഗീകരിക്കാൻ പറ്റുന്നില്ലെന്നും മതപരമായ സംസ്കാര ചടങ്ങുകളായിരുന്നു അപ്പച്ചന്റെ ആഗ്രഹമെന്നും ആശ അവകാശപ്പെട്ടു.
എന്നാൽ, ശരീരം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്ന് സാക്ഷികളുടെ മുമ്പാകെ ലോറൻസ് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകൻ എം.എൽ. സജീവൻ കോടതിയെ ബോധിപ്പിച്ചു. ഇതംഗീകരിച്ചാണ് ആദ്യം സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും മൃതദേഹം വിട്ടുനൽകാൻ ഉത്തരവിട്ടത്. എന്നാൽ, കള്ള സാക്ഷികളെയാണ് സജീവൻ ഹാജാക്കിയതെന്ന് മറ്റൊരു മകൾ സുജാത ബോബൻ ആരോപിച്ചു.
‘മതപരമായ സംസ്കാര ചടങ്ങുകൾ നടത്തണമെന്ന് മൂത്ത മകൾ സുജാതയോട് അപ്പച്ഛൻ ആഗ്രഹം പറഞ്ഞിരുന്നു. അപ്പച്ഛൻ സ്വന്തം ശരീരം മരണ ശേഷം അനാട്ടമി ഡിപാർട്മെന്റിന് ദാനം ചെയ്യാൻ എവിടെയും ആരോടും ഒരിക്കലും പറഞ്ഞിട്ടില്ല എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. ഇതിനാൽ ആണ് ഞാൻ കേസ് കൊടുത്തത്. മൃതദേഹ ദാനപത്രം വായിച്ച് നോക്കാതെയാണ് സുജാത ഒപ്പിട്ടതെന്ന് ബഹുമാനപ്പെട്ട കോടതിയെ ബോധ്യപ്പെടുത്തിയതാണ്.
നിർഭാഗ്യവശാൽ കോടതി സിംഗിൾ ബെഞ്ച് ഞങ്ങൾ ഇരുവരുടെയും ഹർജികൾ തള്ളി. ആ വിധിക്ക് എതിരെ ഡിവിഷൻ ബെഞ്ച് മുൻപാകെ ഹരജി കൊടുത്തു. ഡിവിഷൻ ബെഞ്ചും ഹരജികൾ തള്ളി. ഇനിയും മുന്നോട്ട് തന്നെ എന്നാണ് സുജാതയുടെയും എന്റെയും തീരുമാനം. നിയമ പോരാട്ടം തുടരും. അപ്പന് നീതി ലഭിക്കണം. മരണപ്പെട്ട വ്യക്തിക്ക് നീതി ലഭിക്കണം. അപ്പന്റെ ആഗ്രഹം പള്ളിയിൽ മതാചാര പ്രകാരം അടക്കം ചെയ്യണമെന്നായിരുന്നു. അത് പറഞ്ഞത് സ്വന്തം മകളോടാണ്. നിരീശ്വര വാദി ആയിരുന്ന അപ്പൻ വിശ്വാസി ആയി എന്നത് അംഗീകരിക്കാൻ പറ്റുന്നില്ല പലർക്കും. നീതിക്കായി മുന്നോട്ട്’ -ആശ ലോറൻസ് വ്യക്തമാക്കി.