ന്യൂഡല്‍ഹി: കൊറിയന്‍ ഉപദ്വീപ് മേഖലയിലേക്ക് ശ്രദ്ധ കൂടുതല്‍ കൊടുക്കാന്‍ ഇന്ത്യ. വിദേശ നയതന്ത്രത്തില്‍ സുപ്രധാനമായ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായി ഉത്തരകൊറിയയുമായുള്ള ബന്ധം വിപുലപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്നര വര്‍ഷമായി അടച്ചിട്ടിരുന്ന ഇന്ത്യന്‍ എംബസി ഈ മാസമാദ്യം തുറന്ന് പ്രവര്‍ത്തിച്ചുതുടങ്ങി. ഉദ്യോഗസ്ഥരും നയതന്ത്രപ്രതിനിധികളും അടക്കമുള്ള സംഘം എംബസിയിലെത്തി പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് ദി ട്രിബ്യൂണ്‍റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച രാജ്യമാണ് ഉത്തരകൊറിയ. അതിനാല്‍ തന്നെ വര്‍ഷങ്ങളായി അടച്ചിട്ട എംബസിയില്‍ എല്ലാ ഉപകരണങ്ങളും എല്ലാ സ്ഥലങ്ങളും പരിശോധിച്ച് വിവര ചോര്‍ച്ച ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഉത്തരകൊറിയയിലേക്കുള്ള അംബാസിഡര്‍ വരുന്ന മാസങ്ങള്‍ക്കുള്ളില്‍ ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ കൂടുതല്‍ ഉദ്യോഗസ്ഥരും പ്രതിനിധികളുമെത്തും.
2021ലാണ് എംബസി പ്രവര്‍ത്തനം നിര്‍ത്തി ഇന്ത്യ ഉദ്യോഗസ്ഥരെ മുഴുവന്‍ തിരികെ വിളിച്ചിരുന്നു. കോവിഡ് വ്യാപനം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. എന്നാല്‍ പിന്നീടുള്ള മൂന്നര വര്‍ഷത്തിനിടെ എംബസി തുറക്കുന്നതില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഇപ്പോഴുള്ള തീരുമാനത്തിന് പിന്നില്‍ ഭൗമരാഷ്ട്രീയത്തിലെ മാറ്റങ്ങളാണെന്നാണ് സൂചന.
ഉത്തരകൊറിയയുമായുള്ള ബന്ധം നിലവിലെ സാഹചര്യത്തില്‍ ഊഷ്മളമായി നിലനിര്‍ത്തേണ്ടത് ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ വികസിപ്പിച്ച ഉത്തരകൊറിയ ആണവായുധമുള്ള രാജ്യം കൂടിയാണ്. ഇന്ത്യയുടെ ബദ്ധവൈരികളായ പാകിസ്താനുമായി ഉത്തരകൊറിയയ്ക്ക് നതന്ത്രബന്ധമുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യങ്ങളില്‍ സാങ്കേതിക വിദ്യാ കൈമാറ്റമുണ്ടാകാതെ നോക്കേണ്ടതും ഇന്ത്യയുടെ ആവശ്യമാണ്.
ഇറാന്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി മാത്രമാണ് കാലങ്ങളായി ഉത്തരകൊറിയയ്ക്ക് മികച്ച ബന്ധമുള്ളത്. ഇന്ത്യയ്ക്ക് മികച്ച ബന്ധങ്ങളുള്ള രാജ്യങ്ങളാണ് റഷ്യയും ഇറാനും. ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ രമ്യതയിലെത്തിക്കാനുള്ള പരിശ്രമങ്ങള്‍ ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുമുണ്ടാകുന്നുമുണ്ട്. ഇവരുമായി മികച്ച ബന്ധമുള്ള ഒരു രാജ്യവുമായി നയതന്ത്രബന്ധം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാകുന്നുവെന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്.