മോസ്കോ :ലോകത്തെ തന്നെ വലിയ ഭീകര ഭരണകൂടങ്ങളായ താലിബാന്റെയും സിറിയൻ വിമതരുടേയും നിരോധനം നീക്കാൻ റഷ്യ
ഭീകരസംഘടനകളായി മുദ്ര കുത്തപ്പെട്ട സംഘങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കാൻ കോടതിക്ക് അനുവാദം നൽകുന്ന നിയമത്തിനു റഷ്യ അംഗീകാരം നൽകി.. പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡ്യുമയിലാണു നിയമം പാസായത്. ഇതോടെ അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം, സിറിയയിലെ വിമത സഖ്യമായ എച്ച്‌ടിഎസ് എന്നിവരുടെ നിരോധനം നീക്കിയേക്കും. ഇവരുമായി ഭാവിയിൽ റഷ്യ മികച്ച ബന്ധം തുടർന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
2003 ഫെബ്രുവരിയിലാണു റഷ്യ ലോകത്തിലെ നിരോധിത ഭീകരവാദ സംഘടനകളുടെ പട്ടിക തയാറാക്കിയത്. പട്ടികയിൽ അഫ്ഗാൻ താലിബാനെ ആദ്യവർഷംതന്നെ റഷ്യ ഉൾപ്പെടുത്തി. എച്ച്ടിഎസിനെ 2020ലും പട്ടികയിൽപ്പെടുത്തി. 20 വർഷം നീണ്ട സൈനിക നടപടികൾക്കുശേഷം 2021ൽ യുഎസ് സൈന്യം അഫ്ഗാനിൽനിന്നു പിൻമാറിയതിനു പിന്നാലെ അധികാരം പിടിച്ചെടുത്ത താലിബാനുമായി റഷ്യ അടുത്ത ബന്ധം പുലർത്താൻ ശ്രമിച്ചിരുന്നു. ഭീകരതയ്ക്കെതിരെ പോരാടുന്നതിൽ താലിബാൻ ഇപ്പോൾ സഖ്യകക്ഷിയാണെന്നാണു റഷ്യൻ പ്രസിഡന്റ്റ് വ്ളാഡിമിർ പുട്ടിൻ ജൂലൈയിൽ പറഞ്ഞത്. എന്നാൽ പട്ടികയിൽനിന്നു മാറ്റിയാലും അതു താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്നുവെന്ന അർഥമില്ലെന്നാണു സൂചന