ചെന്നൈ: പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അബേദ്കർ വിരുദ്ധ പരാമർശത്തിനെതിരെ തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം(ടി.വി.കെ) നേതാവുമായ വിജയ്. സാമൂഹിക മാധ്യമമായ എക്സ് വഴിയായിരുന്നു വിജയ് പ്രതിഷേധം അറിയിച്ചത്. ചില വ്യക്തികൾക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയാണെന്നായിരുന്നു വിജയ് യുടെ പരാമർശം. അംബേദ്കറിനെ അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹത്തെ അപമാനിച്ച അമിത് ഷായുടെ നടപടിയെ തമിഴക വെട്രി കഴകത്തിന്റെ പേരില്‍ ശക്തമായി അപലപിക്കുന്നുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
”അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജിയുണ്ടാകാം. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും നെഞ്ചേറ്റിയ സമാനതകളില്ലാത്ത രാഷ്ട്രീയ-ബൗധിക വ്യക്തിത്വമായിരുന്നു അദ്ദേഹം. അംബേദ്കര്‍… അംബേദ്കര്‍… അംബേദ്കര്‍… അദ്ദേഹത്തിന്റെ നാമം ഹൃദയം കൊണ്ടും അധരങ്ങളും സന്തോഷത്തോടെ ഉച്ചരിക്കട്ടെ. അദ്ദേഹത്തെ അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത്. തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പേരില്‍, അംബേദ്കറെ അപമാനിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു.”-എന്നായിരുന്നു വിജയ് യുടെ എക്സ് പോസ്റ്റ്.
ചൊവ്വാഴ്ച ഭരണഘടന ചർക്കു മറുപടി നൽകുമ്പോൾ രാജ്യസഭയിലാണ് അംബേദ്കറെക്കുറിച്ച് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ”അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്നിങ്ങനെ പറയുന്നത് ഫാഷനായിരിക്കുന്നു. ഇതിനുപകരം ദൈവത്തിന്റെ പേരാണ് കോണ്‍ഗ്രസ് പറയുന്നതെങ്കില്‍, അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം കിട്ടുമായിരുന്നു” എന്നാണ് ഷാ പറഞ്ഞത്. പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നു.