തിരുവനന്തപുരം: അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്ഷന് വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി. മണ്ണ് സംരക്ഷണ വകുപ്പിലെ 6 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. അനധികൃതമായി കൈപ്പറ്റിയ പെൻഷനും അതിന്റെ 18 ശതമാനം തുകയും തിരിച്ചടയ്ക്കണം. സാമൂഹ്യസുരക്ഷാ പെന്ഷന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ അനധികൃതമായി കൈപ്പറ്റുന്നുവെന്ന് ധനകാര്യവകുപ്പ് നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്.
തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പട്ടിക അതത് വകുപ്പുകള്‍ക്കു കൈമാറുകയും വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുക തിരിച്ചുപിടിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു മണ്ണു സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫിസ് പാര്‍ട് ടൈം സ്വീപ്പര്‍ ജി.ഷീജാകുമാരി, കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസ് ഗ്രേഡ് -2 അറ്റന്‍ഡര്‍ കെ.എ.സാജിത, വടകര മണ്ണ് സംരക്ഷണ ഓഫിസ് വര്‍ക്ക് സൂപ്രണ്ട് നസീദ് മുബാറക്ക്, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫിസ് പാര്‍ട് ടൈം സ്വീപ്പര്‍ പി. ഭാര്‍ഗവി, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റന്‍ഡ് ഡയറക്ടറുടെ കാര്യാലയത്തിലെ പാര്‍ട് ടൈം സ്വീപ്പര്‍ കെ.ലീല, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ജെ.രജനി എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.