Thursday, January 23, 2025

HomeMain Storyകേരളത്തിന്റെ ഭാവി നഗരവികസനത്തിന് നഗര നയ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട്

കേരളത്തിന്റെ ഭാവി നഗരവികസനത്തിന് നഗര നയ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട്

spot_img
spot_img

തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ നഗരവല്‍ക്കരണം കണക്കിലെടുത്ത് അടുത്ത 25 വര്‍ഷത്തേക്കുള്ള സമഗ്ര കാഴ്ചപ്പാടോടെയുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നഗര നയ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇത്തരമൊരു റിപ്പോര്‍ട്ട് രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ തയ്യാറാക്കുന്നത് എന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബെല്‍ഫാസ്റ്റ്, ക്വീന്‍സ് സര്‍വ്വകലാശാലയിലെ ഡോ. സതീഷ് കുമാര്‍ അദ്ധ്യക്ഷനായ കമ്മീഷനില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രാഗത്ഭ്യമുള്ള വിദഗ്ദ്ധര്‍ അംഗങ്ങളാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കും. കേരളത്തിന്റെ നഗരവല്‍ക്കരണത്തിന്റെ പ്രത്യേകത കമ്മീഷന്‍ എടുത്തു പറയുന്നു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാവുകയും കേരളം ഒരൊറ്റ നഗരമായി വികസിക്കുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നത്.

പശ്ചിമഘട്ടത്തിന് കിഴക്കോട്ടും ഉത്തര മലബാറിലേക്ക് വടക്കോട്ടും പുതിയ നഗര ക്ലസ്റ്ററുകള്‍ രൂപം കൊള്ളുന്ന രീതിയിലാണ് ഈ മാറ്റം. 2050 വരെയുള്ള വികസനത്തിന്റെ സ്ഥലപരമായ പ്രവണതകള്‍ വിലയിരുത്തിയാണ് കമ്മീഷന്‍ ഈ നിഗമനത്തിലെത്തിയത്. കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ പരിസ്ഥിതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഈ മാറ്റം സംഭവിക്കുന്നത് എന്നും കമ്മീഷന്‍ വിലയിരുത്തി. ഇത് നേരിടുന്നതിന് സമഗ്രമായ ആസൂത്രണത്തെ സഹായിക്കുന്ന നിരവധി നിര്‍ദേശങ്ങളും കമ്മീഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

നഗരവല്‍ക്കരണത്തെ സമഗ്രമായി സമീപിക്കുന്ന ഒരു നയമാണ് കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നത്. കേരളത്തിലെ ജനകീയ സംവിധാനമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ നഗരവല്‍ക്കരണത്തിന്റെ പ്രശ്‌നങ്ങളും സാധ്യതകളും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയൂ എന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് മനുഷ്യാഭിമുഖ്യമുള്ള ഒരു നഗരവല്‍ക്കരണ നയം രൂപീകരിക്കുന്നത് ലോകത്തുതന്നെ അപൂര്‍വമായ ഒരു കാര്യമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ പ്രധാന ശക്തികളാക്കാനും നഗര ധനകാര്യ മേഖല കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കാനുമുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ മുന്നോട്ട് വെക്കുന്നു. പത്ത് പ്രധാന വിഷയ മേഖലകളെ അധികരിച്ച് നടത്തിയ പഠനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ശാസ്ത്രീയമായ വിവര വിശകലനത്തിലൂടെയുമാണ് കമ്മീഷന്‍ പ്രധാന നിഗമനങ്ങളിലും ശുപാര്‍ശകളിലും എത്തിച്ചേര്‍ന്നത്.

നഗരവല്‍ക്കരണം, സ്ഥലപരാസൂത്രണം, സ്ഥല അടിസ്ഥാന രൂപകല്‍പ്പന തന്ത്രങ്ങള്‍, ജനങ്ങള്‍, സംസ്‌കാരം, പൈതൃകം, ഭവനയോഗ്യമായ വാസസ്ഥലവും നിര്‍മ്മിത പരിസ്ഥിതിയും, സുസ്ഥിര അടിസ്ഥാന സൗകര്യവും അടിസ്ഥാന സേവനങ്ങളും, കാലാവസ്ഥാ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രദേശങ്ങള്‍, വളര്‍ച്ചാ ചാലകങ്ങള്‍, നഗര സമ്പദ് വ്യവസ്ഥയും പ്രാദേശിക സാമ്പത്തിക വികസനവും, ആരോഗ്യവും ക്ഷേമവും, നവീനവും സുസ്ഥിരവുമായ നഗര ധനസഹായം, കൂട്ടായ്മയിലൂടെയുള്ള പ്രാദേശിക സ്വയം ഭരണം എന്നിവയാണ് പഠന വിഷയങ്ങള്‍.

കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ള പ്രധാന ശുപാര്‍ശകളില്‍ അടിയന്തരമായി ചെയ്യേണ്ടവയും ഹ്രസ്വകാലത്തും ദീര്‍ഘകാലത്തും ചെയ്യേണ്ട കാര്യങ്ങളും ഉള്‍പ്പെടുന്നു. ഇടക്കാല റിപ്പോര്‍ട്ടിലുള്ള സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് അന്തിമ റിപ്പോര്‍ട്ട് സമഗ്രമാക്കുന്നതിനുള്ള നിര്‍ദ്ദേശം കമ്മീഷന് നല്‍കിയിട്ടുണ്ട്. ധന, വ്യവസായ, റവന്യൂ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുമായും കമ്മീഷന്‍ ചര്‍ച്ച നടത്തിയിരുന്നു.

പ്രധാന ശുപാര്‍ശകള്‍ ഇങ്ങനെയാണ്: നഗര ഭരണത്തിലെ പ്രൊഫഷണലൈസേഷന്‍ (സിറ്റി മാനേജ്‌മെന്റ് സിസ്റ്റം), പദ്ധതികളുടെ കാര്യക്ഷമമായ ധനകാര്യ മാനേജ്‌മെന്റ് ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി രൂപീകരണ ടീം, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങള്‍ക്ക് മെട്രോപൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റി (അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലും), നഗരങ്ങളില്‍ സംരംഭക വികസന കൗണ്‍സില്‍ (യുവതയ്ക്ക് 25% സംവരണം), സംരംഭങ്ങളെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതിന് ജില്ലാ തല മാപ്പിങ്, മുനിസിപ്പാലിറ്റിയുടെ ചുമതലയില്‍ പ്രത്യേക പ്രോജക്ടുകള്‍ നടപ്പാക്കുന്നതിനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍.

നവകേരളം സ്ഥലപരാസൂത്രണ ഫ്രെയിംവര്‍ക്ക് (എല്ലാ നഗരസഭകളിലും സംയുക്ത ആസൂത്രണ കമ്മിറ്റി), സെന്‍സസ് നഗരങ്ങളില്‍ നിന്നും സ്റ്റാറ്റിയൂട്ടറി നഗരങ്ങളിലേക്കുള്ള മാറ്റം, കിലയിലൂടെ കോഴിക്കോട് എന്‍ഐടി, കുസാറ്റ് തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് വിവര വിശകലനം സാധ്യമാക്കുന്നതിനും നഗര ഭരണത്തെ സഹായിക്കുന്നതിനും എല്ലാ നഗരങ്ങളിലും നഗര നിരീക്ഷണ കേന്ദ്രങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള സ്ഥല വികസന പദ്ധതികള്‍, താങ്ങാനുള്ള ഭൂമിയുടെ ശേഷി പരിഗണിച്ച് വ്യത്യസ്തങ്ങളായ ഫ്‌ലോര്‍ സ്‌പേസ് ഇന്‍ഡെക്‌സ്.

സംസ്ഥാനത്തെ മുഴുവന്‍ പൈതൃക കേന്ദ്രങ്ങളുടെയും പരിസ്ഥിതിക പ്രത്യേകതയുള്ള സ്ഥലങ്ങളെയും പ്രത്യേകമായി ലിസ്റ്റ് ചെയ്യല്‍, വിവിധ അപകട പ്രവചനങ്ങള്‍ നടത്താന്‍ കഴിയുന്ന നിലവിലുള്ള സ്മാര്‍ട്ട് കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തല്‍, എല്ലാ നഗരങ്ങളുടെയും ലിഡാര്‍, ജിപിആര്‍ മാപ്പിങ്, നഗര ക്ലസ്റ്ററുകളുടെ ഭൗമ സര്‍വേ, കാലാവസ്ഥ സൗഹൃദ അടിസ്ഥാന സൗകര്യ വികസന നിക്ഷേപം വര്‍ദ്ധിപ്പിക്കല്‍, ധനകാര്യ മുന്‍കരുതല്‍ നടപടികള്‍, വരള്‍ച്ചാ മേഖലയില്‍ സംയോജിത നീര്‍ത്തടാധിഷ്ഠിത പദ്ധതി നടപ്പാക്കല്‍, വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളില്‍ താല്‍ക്കാലിക ഫ്‌ലഡ് ബാരിയേഴ്‌സ് സ്ഥാപിക്കല്‍, തല്‍സമയ വെള്ളപ്പൊക്ക സൂചനാ മാപിനികള്‍ സ്ഥാപിക്കല്‍.

പശ്ചിമഘട്ട സംരക്ഷണത്തിന് അഞ്ചു സംസ്ഥാനങ്ങള്‍ ചേര്‍ന്നുകൊണ്ടുള്ള സംയുക്ത പരിപാടികള്‍, നാല് ചക്ര വാഹനങ്ങളിലേക്ക് ആളുകള്‍ മാറുന്നതിനോടൊപ്പം ഡീകാര്‍ബണൈസ് ചെയ്യുന്നതിനുള്ള സമീപനവും നടപടികളും, കോര്‍പ്പറേഷനുകളില്‍ മാന്‍ഡേറ്ററി കാര്‍ബണ്‍ ഓഡിറ്റ് സംവിധാനം സജ്ജമാക്കലും ഹരിത ചാക്രിക സമ്പദ്വ്യവസ്ഥയുടെ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനം, നഗരങ്ങളിലെ വാഹനങ്ങള്‍ക്ക് വാര്‍ഷിക ഹരിത ഫീസും വാങ്ങുമ്പോള്‍ ഒറ്റത്തവണ ഫീസും, എല്‍ഇഡി പദ്ധതികള്‍ തയ്യാറാക്കുന്നതിനായി നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുക, എല്ലാ ജില്ലകളിലും ബിസിനസ് ഡെവലപ്മെന്റ് കൗണ്‍സിലുകള്‍ സ്ഥാപിക്കുക.

നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കായി ഇന്റഗ്രേറ്റഡ് ലേബര്‍ മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍ തയ്യാറാക്കുക, പ്രദേശത്തെ കോളേജുകളും നൈപുണ്യ വികസന സ്ഥാപനങ്ങളുമായി സഹകരണം സൃഷ്ടിക്കുക, ഉന്നത നൈപുണ്യമുള്ള പ്രൊഫഷണലുകളെ കൂട്ടിയോജിപ്പിക്കുന്നതിനായി ഒരു ഗ്യാന്‍ശ്രീ പ്രൊഫഷണല്‍ ചട്ടക്കൂടിനായുള്ള പ്രൊപ്പോസല്‍, നിക്ഷേപങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനായി കേരള മുനിസിപ്പല്‍ ആക്ടിന്റെ 299, 300 സെക്ഷനുകള്‍, കേരള ലോണ്‍ ആക്ട് എന്നിവ ഭേദഗതി ചെയ്യുക, ഇവന്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സംസ്ഥാന നയം രൂപവല്‍ക്കരിക്കുക.

വിഭവശേഷി അധിഷ്ഠിതമാക്കി എല്ലാ ജില്ലകളിലും പ്രാദേശിക പ്രത്യേക സാമ്പത്തിക മേഖലകള്‍ കണ്ടെത്തുക, സമൂഹാധിഷ്ഠിത സൂക്ഷ്മ സംരംഭങ്ങള്‍ വഴിയുള്ള ഫണ്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായുള്ള തന്ത്രങ്ങള്‍, മാസ്റ്റര്‍, ലോക്കല്‍ ഏരിയ പ്ലാനിങ്ങുമായി തെരുവുകച്ചവട ബൈലകള്‍ ഉള്‍ച്ചേര്‍ക്കുക, അര്‍ബന്‍ റീജനറേഷനായി ബ്രൗണ്‍ഫീല്‍ഡ് ഏരിയകള്‍ വികസിപ്പിക്കല്‍, എല്‍എസ്ജിഡിഐ-എല്‍ഇഡി അതോറിറ്റി/കൗണ്‍സിലും എല്‍എസ്ജിഡി-എല്‍ഇഡി ഫണ്ടും സ്ഥാപിക്കല്‍ ആരംഭിക്കുക, ആറ് കോര്‍പ്പറേഷനിലും ക്രെഡിറ്റ് റേറ്റിങ് പുതുക്കുക, റിയല്‍ എസ്റ്റേറ്റ് വികസനത്തിനായി ഒരു നയ ഉപകരണമെന്ന നിലയില്‍ ലാന്‍ഡ് പൂളിങ് ഉപയോഗപ്പെടുത്തല്‍.

തനതു വരുമാനം 25-30 ശതമാനത്തില്‍ നിന്ന് 70 ശതമാനവും വസ്തു നികുതി പിരിവ് 50 ല്‍ നിന്ന് 90 ശതമാനവും ആയി വര്‍ദ്ധിപ്പിക്കുക, ജിഐ അധിഷ്ഠിത ലാന്‍ഡ് ഇന്‍വെന്റിയും പ്രോപ്പര്‍ട്ടി ട്രാക്കിംഗും സൃഷ്ടിക്കല്‍, പ്രധാന മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കായി കേരള മുനിസിപ്പല്‍ ബോണ്ടുകള്‍ അവതരിപ്പിക്കുക, ആസൂത്രണത്തില്‍ നഗര രൂപകല്‍പ്പന തത്വങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ഭൂമി/ജലം എന്നിവയെ പ്രാഥമിക മാനദണ്ഡങ്ങളായി സ്വീകരിക്കുക, നഗര അടിസ്ഥാന സൗകര്യം (ഭൗതികവും സാമൂഹികവും), പൊതു സൗകര്യങ്ങളും പൊതുഗതാഗതവും സാര്‍വത്രികമായി ലഭ്യമാവുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു നയം രൂപവല്‍ക്കരിക്കുക, നഗരതലത്തിലും വാര്‍ഡ് തലങ്ങളിലും പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സൗഹൃദ നഗരങ്ങളും അയല്‍പക്ക പദ്ധതികളും (തെരുവുകള്‍, ഇടങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍.

ഗതാഗതം പോലുള്ള പൊതു ഉപയോഗ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ പൊതു ഇടങ്ങള്‍ക്കായുള്ള വിശദമായ പ്ലാനുകള്‍ രൂപീകരിക്കുന്നതിനായി നിലവിലുള്ളതും പുതിയതുമായ അയല്‍പക്കങ്ങള്‍ രൂപപ്പെടുത്തുന്നതിന് പ്രൊഫഷണല്‍ നഗര ആസൂത്രകരും കമ്മ്യൂണിറ്റികളും തമ്മിലുള്ള സഹകരണ ശ്രമമാണ് അയല്‍പക്ക പദ്ധതി) രൂപപ്പെടുത്തണം, വയോജനങ്ങളെയും സാംക്രമികേതര രോഗങ്ങളുള്ളവരെയും പരിഗണിച്ചുകൊണ്ട് സമഗ്രമായ പരിചരണ സംവിധാനം രൂപപ്പെടുത്തുക, അടിസ്ഥാന സൗകര്യ ആസൂത്രണത്തിനും നഗര നിക്ഷേപ പദ്ധതി വികസിപ്പിക്കുന്നതിനും മാസ്റ്റര്‍ പ്ലാനുമായി അതിനെ ബന്ധപ്പെടുത്തുക, ഭാവിയിലെ കാലാവസ്ഥാ വെല്ലുവിളികളെ നേരിടാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പിന്തുണ, വാണിജ്യപരമായി വിജയ സാധ്യതയുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ വികസിപ്പിക്കുക’.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ജനപ്രതിനിധികളുമായും വിവിധ വകുപ്പുകളുമായും സ്റ്റേക്ക് ഹോള്‍ഡര്‍മാരുമായും നിര്‍ദ്ദേശങ്ങളെക്കുറിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്തും. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ കേരളത്തില്‍ നഗര നയം രൂപീകരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം സെന്‍സസ് ഡാറ്റ അനുസരിച്ച് 2035 ഓടെ കേരളത്തിലെ 90 ശതമാനം പ്രദേശങ്ങളും നഗരവല്‍ക്കരിക്കപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിനായി നഗര നയം രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2023 ഡിസംബറില്‍ നഗര നയ കമ്മീഷന്‍ രൂപീകരിച്ചു.

യു.എന്‍ ഹാബിറ്റാറ്റ്, യൂനിസെഫ്, ലോകാരോഗ്യ സംഘടന, സെപ്റ്റ്, അര്‍ബന്‍ ഇക്കോണമി ഫോറം, ജി ഐ ഇസെഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്‌സ്, നിംഹാന്‍സ്, സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ച്ചര്‍ (ഡല്‍ഹി, ഭോപ്പാല്‍, വിജയവാഡ), എന്‍ ഐ ടി കോഴിക്കോട്, സി ഇ ടി തിരുവനന്തപുരം, ടി കെ എം കൊല്ലം, ഗോഖലേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സ്, ജാമിയ മിലിയ ഇസ്ലാമിയ, ഐ ഐ എസ് ടി തിരുവനന്തപുരം, ആക്ഷന്‍ എയിഡ്, പാര്‍ട്ടിസിപ്പേഷന്‍ റിസര്‍ച്ച് ഇന്‍ ഏഷ്യ, ജനാഗ്രഹ (ബെംഗളൂരു), ഐ ഡി എഫ് സി ഫൗണ്ടേഷന്‍, സി എസ് ഇ എസ് കൊച്ചി, ആരോഗ്യ സര്‍വകലാശാല, ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, കില തുടങ്ങിയ സ്ഥാപനങ്ങളാണ് കമ്മീഷനു വേണ്ടി പഠനം നടത്തിയത്.

എല്‍.എസ്.ജി.ഡിക്ക് പുറമെ ടൂറിസം, പൊതുമരാമത്ത് വകുപ്പ്, ആസൂത്രണ ബോര്‍ഡ്, ജലവിഭവ വകുപ്പ്, ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍, ആരോഗ്യ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, കേരള ഖരമാലിന്യ മാനേജ്‌മെന്റ് പ്രോജക്ട്, റവന്യൂ വകുപ്പ്, വനിതാ ശിശുക്ഷേമം, ഭവന നിര്‍മ്മാണം തുടങ്ങി വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സി ഐ ഐ കേരള, ക്രെഡായി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ച്ചര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനിങ്, ബില്‍ഡേഴ്‌സ് അസോസിയേഷന്‍, ഐ എം എ എന്നിങ്ങനെ നഗര ജീവിതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി.

ഗവേഷണ, സര്‍ക്കാര്‍, വ്യവസായ, ബിസിനസ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുമായും സംഘടനകള്‍ക്കും പുറമേ വിദഗ്ധരുമായും ചര്‍ച്ചകള്‍ നടത്തുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ നഗര തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും വിവിധ മേഖലകളിലുള്ള പങ്കാളികളുമായും പ്രതിനിധികളുമായും കമ്മീഷന്‍ ആശയവിനിമയം നടത്തി.

ഈ പഠനങ്ങളും റിപ്പോര്‍ട്ടുകളും കഴിഞ്ഞ ആഴ്ച കിലയില്‍ ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. ഒരാഴ്ചയിലേറെ നീണ്ടുനിന്ന യോഗത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ക്ക് പുറമെ വിവിധ മേഖലകളിലെ വിദഗ്ദ്ധരും വിഷയങ്ങള്‍ അവതരിപ്പിച്ചു. ഇവയൊക്കെ അടിസ്ഥാനപ്പെടുത്തി നടന്ന ദീര്‍ഘവും കാര്യമായതുമായ സംവാദങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കമ്മീഷന്‍ അംഗങ്ങള്‍ ഡോ. എം. സതീഷ് കുമാര്‍ (ചെയര്‍മാന്‍), അഡ്വ. എം. അനില്‍കുമാര്‍ (കോ-ചെയര്‍), ഡോ. ഇ. നാരായണന്‍ (കോ-ചെയര്‍), ഡോ. ഷര്‍മിള മേരി ജോസഫ് (മെമ്പര്‍ സെക്രട്ടറി), പ്രൊഫ. ഡോ. ജാനകി നായര്‍, എം. കൃഷ്ണദാസ്, വി. സുരേഷ്, പ്രൊഫ. ഡോ. വൈ. വി.എന്‍. കൃഷ്ണ മൂര്‍ത്തി, പ്രൊഫ. ഡോ. കെ.എസ്. ജെയിംസ്, പ്രൊഫ. കെ.ടി. രവീന്ദ്രന്‍, പ്രൊഫ. ഡോ. അശോക് കുമാര്‍, ഹിതേഷ് വൈദ്യ, ടിക്കേന്ദര്‍ സിങ് പന്‍വാര്‍ എന്നിവരാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments