കൊച്ചി: മലയാള സിനിമയില്‍ വീണ്ടും വന്‍സ്‌ഫോടനങ്ങള്‍ക്ക് വഴിമരുന്നിട്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ഉടന്‍ പുറത്തുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പോക്‌സോ കേസുവരെ ചുമത്താവുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന. ഗുരുതരമായ വെളിപ്പെടുത്തലുകളുള്ളതിനാലാണ് ഈ ഭാഗങ്ങള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷന്‍ ഉത്തരവിടുന്നതിന് തൊട്ടുമുന്‍പ് തടസ്സഹര്‍ജി ഫയല്‍ചെയ്യപ്പെട്ടത്.
റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് വിരുദ്ധമായി ചില പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലില്‍ ഡിസംബര്‍ ഏഴിന് രാവിലെ 11-ന് കമ്മിഷന്‍ വിധിപറയാനിരിക്കെ 10.50-നാണ് തടസ്സഹര്‍ജി ഫയല്‍ചെയ്യപ്പെട്ടത്. ഇനി ഈ ഹര്‍ജിക്കാരനെക്കൂടി കേട്ടശേഷം വിവരാവകാശ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിക്കും.
കമ്മിഷന്റെ ഉത്തരവ് എന്തായാലും നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷനല്‍കിയവരില്‍നിന്ന് പണംവാങ്ങിയശേഷം നല്‍കാതിരുന്ന പേജുകള്‍ നല്‍കിയേമതിയാകൂ എന്നതാണ് കമ്മിഷന്‍ നിലപാട്.
ഇത് പിഴവായിരുന്നുവെന്ന് ഏറ്റുപറഞ്ഞ് സാംസ്‌കാരികവകുപ്പ് മാപ്പപേക്ഷിച്ചെങ്കിലും കമ്മിഷന്‍ തള്ളി. തുടര്‍ന്നാണ് ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവരാന്‍ വഴിയൊരുങ്ങിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം എടുത്ത കേസുകള്‍ എങ്ങുമെത്താതെ നില്‍ക്കെയാണ് കൂടുതല്‍ ഭാഗങ്ങള്‍ പുറത്തേക്കുവരുന്നത്. ഇത് അരുതായ്കകള്‍ ചെയ്തിട്ടുള്ള സിനിമാക്കാരെ അലോസരപ്പെടുത്തുമെന്ന് തീര്‍ച്ച.
മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അന്വേഷിച്ച് അവയ്ക്ക് പരിഹാര നടപടികള്‍ സമര്‍പ്പിക്കുന്നതിനായി 2017 ജൂലൈ മാസത്തില്‍ കേരള സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളും മലയാള സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
ചിലര്‍ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുകയും ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍, മറ്റുള്ളവര്‍ വ്യവസായത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ പ്രതിരോധിച്ചു. 2024 ആഗസ്ത് 19-ന് കോടതി വിധിയുടെ പിന്‍ബലത്തില്‍ 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടത്. ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.
സെന്‍സിറ്റീവ് വിവരങ്ങള്‍ അടങ്ങുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാണ് കേരളം സര്‍ക്കാര്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടതെങ്കിലും ആഗോള ‘മീടൂ’ പ്രസ്ഥാനത്തിന് സമാനമായ ആക്ടിവിസത്തിന്റെ കുതിച്ചുചാട്ടത്തിന് മലയാള സിനിമാ വ്യവസായം സാക്ഷ്യം വഹിച്ചു. മലയാള സിനിമ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന വ്യവസ്ഥാപരമായ പീഡനം, ദുരുപയോഗം, വിവേചനം എന്നിവയെക്കുറിച്ച് ഹേമ കമ്മിറ്റി തുറന്നുകാട്ടിയ കാര്യങ്ങളിലുള്ള വര്‍ദ്ധിച്ചുവരുന്ന അവബോധവും പ്രതിഷേധവുമാണ് ഈ പ്രസ്ഥാനത്തെ നയിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സ്വാധീനം കാരണം മലയാള സിനിമയിലെ നിരവധി നടിമാരും മറ്റ് വനിതാ പ്രവര്‍ത്തകരും സിനിമാ മേഖലയിലെ വിവിധ വ്യക്തികളില്‍ നിന്ന് തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. അവ ഇങ്ങനെ…
*ശ്രീലേഖ മിത്ര: സംവിധായകന്‍ രഞ്ജിത്ത് ബാലകൃഷ്ണനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി ശ്രീലേഖ മിത്ര. ഇതിന് പിന്നാലെയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവച്ചത്.
*രേവതി സമ്പത്ത്: മലയാള സിനിമാ താരങ്ങളായ സിദ്ദിഖ്, റിയാസ് ഖാന്‍ എന്നിവരില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി രേവതി സമ്പത്ത്. ഇതിനു പിന്നാലെയാണ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചത്.
*ഗീത വിജയന്‍: ചാഞ്ചാട്ടം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ തുളസീദാസില്‍ നിന്നും നിര്‍മ്മാതാവ് ആരോമ മോഹനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ഗീത വിജയന്‍.
*ശ്രീദേവിക: ‘അവന്‍ ചാണ്ടിയുടെ മകന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മലയാള ചലച്ചിത്ര സംവിധായകന്‍ തുളസീദാസില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ശ്രീദേവിക.
*മിനു മുനീര്‍: ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി നടി മിനു മുനീര്‍.