ന്യൂഡല്‍ഹി: വ്യാഴാഴ്ച്ച പാര്‍ലമെന്റില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത്. ഭരണപക്ഷമായ എന്‍.ഡി.എ മുന്നണിയിലെയും, പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെയും അംഗങ്ങള്‍ തമ്മില്‍ പാര്‍ലമെന്റ് ഹൗസ് പരിസരത്ത് നടന്ന സംഘര്‍ഷത്തില്‍ രണ്ട് ബി.ജെ.പി എം.പിമാരെ പരിക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗുരുതരമായി മുറിവേല്‍പ്പിക്കുക, ബലപ്രയോഗം നടത്തുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഭാരതീയ ന്യായ സന്‍ഹിതയിലെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ നിലത്തേക്കു തള്ളിയിട്ട് പരിക്കേല്‍പ്പിച്ചെന്ന് ബിജെപി എംപിമാര്‍ക്കെതിരേ കോണ്‍ഗ്രസും പരാതിപ്പെട്ടിട്ടുണ്ട്. ഈ പരാതിയില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശമാണ് അനിഷ്ട സംഭവങ്ങളുടെയെല്ലാം തുടക്കം. ഷായുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിലാണ്. ശീതകാല സമ്മേളനത്തിന്റെ അവസാന ദിനമായിരുന്ന വ്യാഴാഴ്ച്ച ഈ പ്രശ്നത്തിന്റെ പേരില്‍ പാര്‍ലമെന്റിന്റെ പ്രധാന കവാടമായ മകര്‍ ദ്വാരില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. നാടകീയമായ സംഭവങ്ങള്‍ പലതിനും പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചു. ഇരു വിഭാഗങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തുകയും, സ്പീക്കര്‍ക്ക് പ്രത്യേകം പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു വിഭാഗങ്ങളും പൊലീസിലും പരാതി നല്‍കിയത്.
മുന്‍ കേന്ദ്രമന്ത്രി കൂടിയായ പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രജ്പുത് എന്നീ എംപിമാരെ രാഹുല്‍ ഗാന്ധി തള്ളി താഴെയിട്ട് മാരകമായി പരിക്കേല്‍പ്പിച്ചെന്നാണ് ബിജെപിയുടെ പാരാതിയും ആരോപണവും. അതേസമയം, സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് പറയുന്നത്, ബിജെപി എംപിമാര്‍ രാഹുല്‍ ഗാന്ധിയെ കൈയേറ്റം ചെയ്തെന്നാണ്. പ്രതിഷേധത്തിനിടയില്‍ തനിക്ക് വളരെ അസ്വസ്ഥയുണ്ടാക്കും വിധം രാഹുല്‍ ഗാന്ധി തന്നോട് വളരെ അടുത്ത് വന്നുവെന്നാണ് നാഗാലാന്‍ഡില്‍ നിന്നുള്ള ബിജെപി എംപി എസ് ഫങ്നോണ്‍ കൊന്യാക് രാജ്യസഭയില്‍ ആരോപിച്ചത്. ഒരു പ്രതിപക്ഷ നേതാവിന് യോഗ്യമല്ലാത്ത വിധം അദ്ദേഹം എന്നോട് ആക്രോശിച്ചുവെന്നും നാഗാലാന്‍ഡ് എം പി പരാതിപ്പെട്ടു.
ഖാര്‍ഗെ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്, ബിജെപി എംപിമാര്‍ തന്നെ തള്ളിയിട്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമാണ്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി വഡോദര എംപി ഹേമാംഗ് ജോഷി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിജെപി എംപിമാരായ അനുരാഗ് താക്കൂര്‍, ബാന്‍സുരി സ്വരാജ് എന്നിവരും ജോഷിക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
സെക്ഷന്‍ 115 (സ്വമേധയാ മുറിവേല്‍പ്പിക്കുക), 117 (സ്വമേധയാ ഗുരുതരമായ പരിക്കേല്‍പ്പിക്കുക), 131 (ക്രിമിനല്‍ ബലപ്രയോഗം), 351 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 3(5) (പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകളാണ് രാഹുല്‍ ഗാന്ധിക്കും മറ്റുള്ളവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നതെന്നാണ് ഡിസിപി(ന്യൂഡല്‍ഹി) ദേവേഷ് മഹ്ല മാധ്യമങ്ങളെ അറിയിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി പറഞ്ഞു. കോണ്‍ഗ്രസ് തന്ന പരാതിയിലെ നടപടികള്‍ ആരാഞ്ഞപ്പോള്‍, അവ പരിശോധിച്ചു വരികയാണെന്നായിരുന്നു ഡിസിപിയുടെ മറുപടി.
ഞങ്ങളും പരാതി കൊടുത്തിട്ടുണ്ടെന്നും, അവര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമോയെന്ന് നോക്കട്ടെയെന്നമായിരുന്നു കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി ചെയര്‍മാന്‍ പവന്‍ ഖേര ദ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് ലോകം മുഴുവന്‍ കണ്ടതാണ്. നിയമം അതിന്റെ ജോലി ചെയ്യട്ടെ, ഞങ്ങളും നിയമപരമായി തന്നെ പോരാടും. ഞങ്ങള്‍ നല്‍കിയ പരാതിയില്‍ എഫ് ഐ ആര്‍ ഇടുമോയെന്ന കാര്യമാണ് കാത്തിരിക്കുന്നതെന്നും ഖേര പറഞ്ഞു.
ജോഷിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്; രാവിലെ 10 മണിയോടെ മുകേഷ് രാജ്പുത്, പ്രതാപ് റാവു സാരംഗി തുടങ്ങിയ ബിജെപി എംപിമാര്‍ സമാധാനപരമായി പാര്‍ലമെന്റിന്റെ പ്രവേശന കവാടമായ മകര്‍ ദ്വാരില്‍ പ്രതിഷേധം നടത്തുകയായിരുന്നു. രാവിലെ 10.40-10.45 ഓടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തി, നിശ്ചയിച്ചിരുന്ന കവാടം വഴി അകത്തേക്ക് പ്രവേശിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചിട്ടും, സമാധാനപരമായി നടന്നു വന്നിരുന്ന പ്രതിഷേധം തടസപ്പെടുത്താനും എംപിമാരെ ദേഹോപദ്രവം ഏല്‍പ്പിക്കാനുമുള്ള ഉദ്ദേശത്തോടെ രാഹുല്‍ ഗാന്ധി ഉദ്യോഗസ്ഥരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.
പ്രതിഷേധിക്കുന്ന എംപിമാരുടെ സുരക്ഷാ ഉറപ്പാക്കാനാണ് മറ്റൊരു പ്രവേശന കവാടം സജ്ജീകരിച്ചത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ രാഹുല്‍ ഗാന്ധിയും മറ്റുള്ളവരും ലംഘിച്ചു. അതു മാത്രമല്ല, എന്‍ഡിഎ എംപിമാര്‍ക്കെതിരെ ബലപ്രയോഗം നടത്തി ആക്രമണ ലക്ഷ്യത്തോടെ മുന്നോട്ട് പോകാന്‍ രാഹുല്‍ ഗാന്ധി മറ്റ് ‘ഇന്ത്യ’ സഖ്യകക്ഷി എംപിമാരെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിലൂടെ പ്രതിഷേധിച്ചിരുന്ന എംപിമാരെ അപകടത്തിലാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. പ്രവേശന കവാടത്തിലെ ഇടുങ്ങിയ കോണിപ്പടിയില്‍ നിന്നിരുന്ന മുകേഷ് രാജ്പുത്, പ്രതാപ് റാവു സാരംഗ് എന്നിവര്‍ ഉള്‍പ്പെടെയുള്ള എന്‍ഡിഎ എംപിമാരെ മനഃപൂര്‍വ്വം തള്ളിയിടാന്‍ ശ്രമിച്ചവെന്നും ജോഷിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
84കാരനും ഒരു ദളിത് നേതാവുമായ ഖാര്‍ഗെയ്ക്കെതിരേ മോശം പെരുമാറ്റം നടത്തുകയും അദ്ദേഹത്തെ തള്ളി താഴെയിടാനുമാണ് ബിജെപി എംപിമാര്‍ ശ്രമിച്ചതെന്നാണ് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി നല്‍കിയ പരാതിയില്‍ പറയുന്നത്. ദിഗ്വിജയ് സിംഗ്, മുകുള്‍ വാസ്നിക്, രാജീവ് ശുക്ല എന്നീ കോണ്‍ഗ്രസ് എംപിമാരും പരാതി നല്‍കാന്‍ തിവാരിക്കൊപ്പം ഉണ്ടായിരുന്നു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, കെ സി വേണുഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബി ആര്‍ അംബേദ്കറുടെ ചിത്രമുള്ള പ്ലക്കാര്‍ഡുകളും പിടിച്ച് വളരെ സമാധാനപരമായ പ്രതിഷേധ മാര്‍ച്ചായിരുന്നു പ്രതിപക്ഷം നടത്തിയത്, ഇത് തടസപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ ബിജെപി എംപിമാര്‍ ബഹളമുണ്ടാക്കുകയായിരുന്നു. ബിജെപി എംപിമാര്‍ പ്രകോപനപരമായി പെരുമാറിയിട്ടും, പ്രതിപക്ഷം സംയമനം പാലിക്കുകയായിരുന്നു.
എന്നാല്‍ ബിജെപി എംപിമാര്‍ ബലപ്രയോഗത്തിലൂടെ പ്രതിഷേധം തകര്‍ക്കാന്‍ നോക്കുകയും ഖാര്‍ഗയെ അവര്‍ തള്ളി താഴെയിടുകയും ചെയ്തു. ഖാര്‍ഗെ, നീരജ് ദാംഗി തുടങ്ങിയവര്‍ക്ക് ശാരീരികമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നത്. കുറ്റക്കാരായ ബിജെപി എംപിമാര്‍ക്കെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
രാഹുല്‍ ഗാന്ധി കാണിച്ചത് ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നായിരുന്നു പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജു ആക്ഷേപിച്ചത്. എംപിമാരെ പ്രതിപക്ഷ നേതാവ് ആക്രമിക്കുകയെന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു റിജ്ജുവിന്റെ വാക്കുകള്‍. കോണ്‍ഗ്രസ് തിരിച്ചടിച്ചത്, ബിജെപി ഗുണ്ടായിസം കാണിക്കുകയാണെന്നാണ്.
ഞങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രവേശനം കവാടം തടയുകയോ, ആരെയും അകത്ത് കയറ്റാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അവര്‍ ആദ്യമായി പ്രതിഷേധം നടത്തിയപ്പോള്‍, എല്ലാവരെയും തടയുകയും, ബലപ്രയോഗം നടത്തുകയും ചെയ്യുകയായിരുന്നു, അവര്‍ ഗുണ്ടായിസമാണ് കാണിച്ചത്’ പ്രിയങ്ക ഗാന്ധി വാദ്ര ചൂണ്ടിക്കാണിക്കുന്ന കാര്യമാണിത്.
അമിത് ഷായുടെ ദേഹം സംരക്ഷിക്കാന്‍ വേണ്ടി, ഭയ്യ മറ്റുള്ളവരെ ഇളക്കി വിട്ടിരിക്കുകയാണ്. എന്റെ കണ്‍മുന്നില്‍ വച്ചാണ് ഖാര്‍ഗെ ജീയെ അവര്‍ നിലത്ത് തള്ളിയിട്ടത്. ഒരു സിപിഎം എംപിയെയും അവര്‍ തള്ളിയിട്ടു, അദ്ദേഹം ഖാര്‍ഗെ ജീയുടെ ദേഹത്തേക്കാണ് വന്നു വീണത്. ഖാര്‍ഗെ ജീയുടെ മുഖഭാവം കണ്ടപ്പോള്‍ ഞാന്‍ കരുതിയത്, അദ്ദേഹത്തിന്റെ കാല് ഒടിഞ്ഞിട്ടുണ്ടെന്നാണ്, അത്രയും വേദന അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു- പ്രിയങ്ക പറയുന്നു.
നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതോടെ പാര്‍ലമെന്റിന്റെ മുഴുവന്‍ നടപടികളും വ്യാഴാഴ്ച്ച തടസപ്പെട്ടു. ഉച്ചയ്ക്ക് ശേഷം അംബേദ്കറുടെ ചിത്രവുമായി പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചിരുന്നു. നടുത്തളത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ജയ് ഭീം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു.