Friday, December 20, 2024

HomeMain Storyശബരിമലയില്‍ ഭക്തജനത്തിരക്ക് റെക്കോഡായി; ഇന്നലെ എത്തിയത് 96,007 പേര്‍

ശബരിമലയില്‍ ഭക്തജനത്തിരക്ക് റെക്കോഡായി; ഇന്നലെ എത്തിയത് 96,007 പേര്‍

spot_img
spot_img

പത്തനംതിട്ട: ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദര്‍ശനത്തിനെത്തിയത് ഇന്നലെ (ഡിസംബര്‍ 19). 96,007 ഭക്തരാണ് വ്യാഴാഴ്ച ദര്‍ശനം നടത്തിയത്. സ്പോട്ട് ബുക്കിങ്ങിലും വന്‍ വര്‍ധനയുണ്ട്. ഇന്നലെ മാത്രം 22,121 പേര്‍ സ്പോട്ട് ബുക്കിങ്ങിലൂടെ ദര്‍ശനം സാധ്യമാക്കി. ഇന്നും (ഡിസംബര്‍ 20) ഭക്തജനത്തിരക്കില്‍ കാര്യമായ വര്‍ധനയുണ്ട്. ഉച്ചയ്ക്കു 12 മണിവരെ 54099 ഭക്തരാണ് സന്നിധാനത്തേക്ക് എത്തിയത്.

പമ്പ വഴി 51818 പേരും പുല്‍മേടുവഴി 2281 പേരുമാണ് ഉച്ചയ്ക്കു 12 മണിവരെ എത്തിയത്. ഇതില്‍ സ്പോട്ട് ബുക്കിങ് മാത്രം 11657 പേര്‍. ഇന്നലെ ഉച്ചയ്ക്കു 12വരെ 46000 പേരാണ് പമ്പവഴി എത്തിയത്. ഇന്നലത്തെ അപേക്ഷിച്ച് ഈ സമയം വരെയുള്ള വര്‍ധന ആറായിരത്തോളം. ഡിസംബര്‍ 19ന് എത്തിയ 96007 പേരില്‍ 70000 പേര്‍ വെര്‍ചല്‍ ക്യൂ വഴിയും 22121 പേര്‍ സ്പോട്ട് ബുക്കിങ് വഴിയുമാണ് എത്തിയത്. പുല്‍മേട് വഴി 3016 പേരും എരുമേലി കാനനപാത വഴി 504 പേരും എത്തി.

സീസണിലെ ഏറ്റവും വലിയ ഭക്തജനത്തിരക്കുണ്ടായിട്ടും ദര്‍ശനം സുഗമമാക്കാനും ഭക്തര്‍ക്കു പരാതിരഹിതമായി അയ്യപ്പനെ കണ്ടുമടങ്ങാനും പോലീസും മറ്റു സംവിധാനങ്ങളും വഴിയൊരുക്കുന്നുണ്ട്. ക്യൂവിന്റെ നീളം കൂടുന്നുണ്ടെങ്കിലും അനാവശ്യമായ തിക്കും തിരക്കുമില്ലാതെ ദര്‍ശനം നടത്താനായതിന്റെ സന്തോഷത്തിലാണ് ഭക്തസഹസ്രങ്ങള്‍ മടങ്ങുന്നതും. ഭക്തരുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടും യാതൊരുതരത്തിലുമുള്ള അധികനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ഒരിടത്തും ഭക്തരെ തടയുകയോ ചെയ്തിട്ടില്ലെന്നും സുഖദര്‍ശനം ഉറപ്പാക്കിയെന്നും സന്നിധാനം സ്പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ പറഞ്ഞു.

മുന്നൊരുക്കങ്ങളിലെ സമഗ്രതയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തുടര്‍ച്ചയും പോലീസിന്റെ കൃത്യമായ വിന്യാസവുമാണ് എല്ലാവര്‍ക്കും സുഖദര്‍ശനം ഉറപ്പാക്കാന്‍ തുണച്ചത്. പരീക്ഷകള്‍ കഴിഞ്ഞതിനാലും സ്‌കൂളുകള്‍ ക്രിസ്മസ് അവധിയിലേക്കു കടന്നതിനാലും മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ചു വരും ദിവസങ്ങളിലെല്ലാം കുട്ടികള്‍ അടക്കമുള്ള കൂടുതല്‍ ഭക്തജനങ്ങളെയാണ് സന്നിധാനത്തു പ്രതീക്ഷിക്കുന്നത്. മണ്ഡല പൂജയ്ക്കു മുന്നോടിയായി ഇനിയുള്ള ദിവസങ്ങളില്‍ ഒരുലക്ഷത്തിലേറെ ഭക്തര്‍ എത്തുമെന്ന കണക്കൂകൂട്ടലില്‍ സുഖദര്‍ശനം ഉറപ്പാക്കുന്നതിനു വേണ്ടി കൃത്യമായ മുന്നൊരുക്കങ്ങള്‍ ഉന്നതതലത്തില്‍ നടത്തിയിട്ടുണ്ടെന്നും സ്പെഷല്‍ ഓഫീസര്‍ അറിയിച്ചു.

ഡിസംബര്‍ 13 മുതലാണ് സ്പോട്ട് ബുക്കിങ്ങില്‍ വലിയ വര്‍ധനവുണ്ടായത്. 13 മുതല്‍ എല്ലാദിവസങ്ങളിലും പതിനയ്യായിരത്തിന് മുകളിലാണ് സ്പോട്ട് ബുക്കിങ് വഴിയെത്തിയ ഭക്തരുടെ എണ്ണം. ഡിസംബര്‍ 13ന് 15,428, 14ന് 18,040, 15ന് 17,105, 16ന് 19,110, 17ന് 19,144, 18ന് 18,025, 19ന് 22,121 എന്നിങ്ങനെയാണ് സ്പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി ദര്‍ശനത്തിനെത്തിവരുടെ കണക്ക്.

ഇന്ന് ഉച്ചയ്ക്കു 12 മണിവരെ 11657 പേര്‍ സ്പോട്ട് ബുക്കിങ് നടത്തിയിട്ടുണ്ട്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 19 വരെ ആകെ 4,46,130 പേരാണ് സ്പോട്ട് ബുക്കിങ് വഴി ദര്‍ശനത്തിന് എത്തിയത്. മണ്ഡലപൂജ, തങ്കഅങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു വ്വര്‍ചല്‍ ക്യൂ അടക്കമുള്ള കാര്യങ്ങളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 25നാണ് തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത്. 26ന് മണ്ഡലമഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് നട അടയ്ക്കും. ദേവസ്വം വകുപ്പുമന്ത്രി വിഎന്‍ വാസവന്‍ നേരിട്ടെത്തി തങ്കഅങ്കി ഘോഷയാത്ര – മണ്ഡലപൂജ ക്രമീകരണങ്ങള്‍ വിലയിരുത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments