ബര്‍ലിൻ: ജർമനിയിലെ കിഴക്കൻ നഗരമായ മക്ഡെബർഗിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി രണ്ടു മരണം. എൺപതോളം പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ ഒരു കുട്ടിയുമുള്ളതായാണ് വിവരം. പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയാണ് സംഭവം. കാർ ആൾകൂട്ടത്തിനിടയിലൂടെ നാനൂറ് മീറ്ററോളം ഓടി.
അൻപതു വയസുകാരനായ സൗദി സ്വദേശിയായ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2006 മുതൽ ഇയാൾ ജർമനിയിൽ ഡോക്ടറായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കാറിൽ സ്ഫോടക വസ്തുക്കളുണ്ടെന്നാണ് സംശയം. ഭീകരാക്രമണമാണോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്ന് മക്ഡെബർഗ് സന്ദർശിക്കും.
2016 ഡിസംബർ 19 ന് ബര്‍ലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്കുള്ളിൽ ഇറ്റലിയിൽ വെടിവയ്പ്പിൽ ആക്രമണകാരിയെ കൊലപ്പെടുത്തി. അതിന്റെ എട്ടാം വാർഷികത്തിന്റെ പിറ്റേന്നാണ് വീണ്ടും സമാനമായ സംഭവം.