തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനു വീണ്ടും സര്‍ക്കാരിന്റെ കൈത്താങ്ങ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ളാറ്റ് വില്‍പന, മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ കണ്ടെത്തല്‍. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് കൈമാറും.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിവിട്ടത് ആരോപണങ്ങളെ തുടര്‍ന്നു അജിത്കുമാര്‍ ഏറെ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ എഡിജിപി ക്ലീന്‍ എന്നാണ് കണ്ടെത്തല്‍. ഒരു ആരോപണത്തിലും കഴമ്പില്ലെന്ന് വിജിലന്‍സ്. പ്രധാനമായും ഉയര്‍ന്നത് നാല് ആരോപണങ്ങളാണ്. കോടികള്‍ മുടക്കി കവടിയാര്‍ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു ഇതില്‍ ഏറ്റവും പ്രധാന ആരോപണം.
എന്നാല്‍ എസ് ബിഐയില്‍ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിര്‍മാണമെന്നാണ് കണ്ടെത്തല്‍. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലന്‍സ്.കുറവന്‍കോണത്ത് ഫ്‌ളാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളില്‍ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പരാതി. എന്നാല്‍ ഇതെല്ലാം ശരിയല്ലെന്നാണ് കണ്ടെത്തല്‍. 2009 ലാണ് കോണ്ടൂര്‍ ബില്‍ഡേഴ്‌സുമായി ഫ്‌ളാറ്റ് വാങ്ങാന്‍ 37 ലക്ഷം രൂപക്ക് കരാര്‍ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013 ല്‍ കമ്പനി ഫ്‌ളാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വൈകി എന്ന് മാത്രമാണ് കണ്ടെത്തല്‍.
നാലു വര്‍ഷം താമസിച്ച ശേഷം 65 ലക്ഷം രൂപക്ക് ഫ്‌ളാറ്റ് വില്‍ക്കുന്നത് 2016ലാണ്. വില്‍പ്പനക്ക് പത്ത് ദിവസം മുമ്പ്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എട്ട് വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്റെ വിലയില്‍ ഉണ്ടായതെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. സര്‍ക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജിലന്‍സ്.
കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം എംആര്‍ അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. ക്ലീന്‍ചിറ്റ് മാത്രമല്ല ഇതില്‍, സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
അജിത് കുമാറിന് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതിന്റെ വിവാദം തീരും മുമ്പാണ് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. സര്‍ക്കാറിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥനെതിരായ വിജിലന്‍സ് അന്വേഷണം കണ്ണില്‍പൊടിയിടാനാണെന്ന് പ്രതിപക്ഷം നേരത്തെ വിമര്‍ശിച്ചിരുന്നു. അത് കൊണ്ട് തന്നെ പ്രതിപക്ഷവും അന്‍വറും വിജിലന്‍സ് കണ്ടെത്തല്‍ തള്ളുമെന്ന് ഉറപ്പ്. അജിത് കുമാറിനെതിരെ ഇനി നിലവിലുള്ളത് തൃശൂര്‍ പൂരം അട്ടിമറിയിലെ അന്വേഷണം.